ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു

ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു

കൊല്ലം അഞ്ചലിൽ യുവതിയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവ് ശേഖരണം തുടരുന്നു. ഉത്രയുടെ വീട്ടിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു.

ഉത്രയുടെ വീടിനു പുറകിൽ കുഴിച്ചിട്ടിരുന്ന മൂർഖൻ പാമ്പിനെ ആണ് പുറത്തെടുത്തത്. വനംവകുപ്പ് ,പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നു പാമ്പിനെ പുറത്തെടുത്തത്. ഫോറസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോക്ടർ കിഷോർ, ഡോക്ടർ ജേക്കബ് അലക്‌സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ. ആയുധമില്ലാത്ത കൊലപാതകമെന്ന നിലയിൽ അന്വേഷണസംഘം പാമ്പിനെ ആണ് ആയുധമായി പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണത്തിൽ ഏറെ നിർണായകം.

അതേസമയം, കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയിലാണ് അന്വേഷണ സംഘം. സൂരജിന്റെ സഹോദരിയേയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യണമെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ ആവശ്യപ്പെട്ടു.

വരുംദിവസങ്ങളിൽ അടൂർ പറക്കോട് ഉള്ള വീട്ടിൽ ഉൾപ്പെടെ പ്രതികളെ കൊണ്ടുപോയി കൂടുതൽ തെളിവെടുപ്പ് നടത്താൻ ആണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Share this story