അഞ്ചല്‍ കൊലപാതകം: ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്

അഞ്ചല്‍ കൊലപാതകം: ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്

കൊല്ലം അഞ്ചലിൽ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച്കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസുള്ള കുട്ടിയെയും സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പോലീസ്. അടൂരിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മറ്റെവിടേക്കോ കുട്ടിയുമായി ഇവർ മാറി നിൽക്കുന്നതാകാമെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് അഞ്ചൽ പോലീസും അടൂർ പോലീസുമാണ് കുട്ടിയെ അന്വേഷിച്ച് പറക്കോട്ടുള്ള വീട്ടിൽ എത്തിയത്. കുഞ്ഞിന്‍റെ ജീവൻ അപകടത്തിലാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു.

അതേസമയം കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകക്കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കേസിന്‍റെ ഗൌരവസ്വഭാവം പരിഗണിച്ച് പ്രതികളെ റിമാന്‍ഡ് ചെയ്യാതെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ദൃക്‍സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കേസിനെ ബലപ്പെടുത്തുക. ഇതിനായി വിവിധയിടങ്ങളില്‍ പ്രതികളെയെത്തിച്ച് വരുംദിവസങ്ങളില്‍ തെളിവുകള്‍ ശേഖരിക്കും. ആദ്യം പാമ്പുകടിയേറ്റ സൂരജിന്‍റെ അടൂരിലുള്ള വീട്ടിലും, സുരേഷ്, സൂരജിന് പാമ്പുകളെ കൈമാറിയ സ്ഥലങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുക. പതിനേഴായിരം രൂപക്കാണ് രണ്ടുതവണയായി സൂരജ് പാമ്പുകളെ വാങ്ങിയത്. ഈ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്.

സൂരജിന്‍റെ കുടുംബത്തിനടക്കം കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായും ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ കുഴിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനംവകുപ്പും കേസെടുത്തിരുന്നു.

Share this story