പരിശോധനകളുടെ എണ്ണം വർധിപ്പിക്കും; സംസ്ഥാനത്ത് ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കും

പരിശോധനകളുടെ എണ്ണം വർധിപ്പിക്കും; സംസ്ഥാനത്ത് ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കും

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമ്പിൾ പരിശോധനകൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലും ഇതുസംബന്ധിച്ച നിർദേശം വന്നിരുന്നു. സർക്കാർ ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണ്. ടെസ്റ്റ് കിറ്റുകൾ അത്യാവശ്യത്തിന് ആദ്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ടെസ്റ്റ് കിറ്റുകൾ നമ്മുടെ പക്കലുണ്ട്. പ്രതിദിനം മൂവായിരം ടെസ്റ്റ് നടത്താനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു

കാലവർഷം ആരംഭിക്കാൻ പോകുകയാണ്. മഴക്കാല രോഗങ്ങൾ തടയുകയാണ് പ്രധാനം. അതുകൊണ്ട് തന്നെ ശുചീകരണം നിർണായകമാണ്. വരുന്ന ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണദിനമായി ആചരിക്കണമെന്ന നിർദേശം സർവകക്ഷി യോഗത്തിൽ ഉയർന്നു. ഇത് ഗൗരവമായ നിർദേശമാണ്. അത് അംഗീകരിക്കുന്നു.

മുഴുവനാളുകളും വീടും പരിസരവും ഈ ദിവസം ശുചീകരിക്കണം. പൊതുസ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരിക്കണം. ജനങ്ങൾ ഒന്നിച്ച് നിന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്ന യോഗമാണ് സർക്കാരിനുള്ളത്. എല്ലാ പാർട്ടികളുടെയും സഹകരണം ഇതിനായി അഭ്യർഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എം വി ഗോവിന്ദൻ മാസ്റ്റർ, തമ്പാനൂർ രവി, പ്രകാശ് ബാബു, കെപിഎ മജീദ്, പി ജെ ജോസഫ്, ടിപി പീതാംബരൻ മാസ്റ്റർ, കെ സുരേന്ദ്രൻ, അനൂപ് ജേക്കബ്, പി സി ജോർജ്, വി സുരേന്ദ്രൻ പിള്ള, എഎ അസീസ് തുടങ്ങിവർ ഇന്നത്തെ സർവകക്ഷി യോഗത്തിൽ സംസാരിച്ചു.

Share this story