പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കെ സുരേന്ദ്രൻ; പാവപ്പെട്ടവർക്ക് 2500 രൂപ അടിയന്തരമായി നൽകണം

പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കെ സുരേന്ദ്രൻ; പാവപ്പെട്ടവർക്ക് 2500 രൂപ അടിയന്തരമായി നൽകണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന ആശങ്ക ആരോഗ്യ വിദഗ്ധരടക്കം ഉന്നയിക്കുന്നുണ്ട്. രോഗികളുമായി സമ്പർക്കം ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്.

രോഗികളുടെ എണ്ണം കുറച്ചുകാണിക്കാൻ പരിശോധനകൾ കുറയ്ക്കുകയാണ് സർക്കാർ. കൊവിഡ് പരിശോധനയിൽ കേരളം വളരെ പിന്നിലാണ്. പരിശോധനകൾ അടിയന്തരമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ പാവങ്ങളെ സഹായിക്കാനുള്ള ബാധ്യതയിൽ നിന്ന് സർക്കാർ പിന്നോട്ടു പോകുകയാണ്. അത്തരക്കാർക്ക് നേരിട്ട് പണം എത്തിക്കണം. അടിയന്തര സഹായമായി 2500 രൂപയെങ്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യണം.

മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ ട്രെയിനുകളും ബസുകളും അനുവദിക്കാൻ കേരളം മുൻകൈ എടുക്കണം. കൂടുതൽ ട്രെയിനുകൾ വരുന്നതിനുള്ള തടസ്സം കേരളം നീക്കണം. മടങ്ങി വരുന്ന പ്രവാസികൾക്ക് ക്വറന്റൈൻ സംവിധാനം സൗജന്യമായി നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Share this story