പരാതി പരിഹാരത്തിന് ഓൺലൈൻ അദാലത്തുകൾ; ക്വാറന്റൈൻ ലംഘനത്തിന് ഇന്ന് രജിസ്റ്റർ ചെയ്തത് 38 കേസുകൾ

പരാതി പരിഹാരത്തിന് ഓൺലൈൻ അദാലത്തുകൾ; ക്വാറന്റൈൻ ലംഘനത്തിന് ഇന്ന് രജിസ്റ്റർ ചെയ്തത് 38 കേസുകൾ

സംസ്ഥാനത്ത് പരാതി പരിഹാര അദാലത്തുകൾ ഓൺലൈനായി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പരാതി പരിഹാര അദാലത്തുകൾ നടന്നുവരുന്നത് തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഇത് ഓൺലൈനായി നടത്താൻ തീരുമാനിച്ചത്.

പരീക്ഷണ അടിസ്ഥാനത്തിൽ ഇന്നലെ കോഴിക്കോട് താമരശ്ശേരി താലൂക്കിൽ ഓൺലൈൻ അദാലത്ത് നടത്തിയിരുന്നു. ഇത് വിജയകരമായി. അടുത്താഴ്ച മുതൽ എല്ലാ ജില്ലയിലും ഓരോ താലൂക്കിൽ വീതം ഈ രീതിയിൽ ഓൺലൈൻ അദാലത്തുകൾ നടത്തും.

ലോക്ക് ഡൗൺ കാലത്ത് സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള മാർഗ നിർദേശം ഇറക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കും. മറ്റ് സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. മറ്റ് ജില്ലകളിൽ കുടുങ്ങിയ ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം വാഹനസൗകര്യമൊരുക്കും.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് രജിസ്റ്റർ ചെയ്തത് 3621 കേസുകളാണ്. ക്വാറന്റൈൻ ലംഘിച്ചതിന് 38 കേസുകളും ഇന്ന് രജിസ്റ്റർ ചെയ്തു. 78894 പേരാണ് ഈ മാസം നാല് മുതൽ സംസ്ഥാനത്ത് ഹോം ക്വാറന്റൈനിൽ കഴിയുന്നത്. ഇതിൽ 468 പേർ ക്വാറന്റൈൻ ലംഘിച്ചു. ഇതിൽ 453 കേസുകൾ രജിസ്റ്റർ ചെയ്തു.

ഉദ്യോഗസ്ഥരുടെ ചെക്കിംഗിനിടെ 145 കേസുകൾ കണ്ടെത്തി. 48 കേസുകൾ അയൽവാസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടുത്തതാണ്. മൊബൈൽ ആപ്പ് പോലെയുള്ള സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ 240 ക്വാറന്റൈൻ ലംഘനങ്ങൾ കണ്ടെത്തി.

Share this story