കൊവിഡ് ബാധിച്ച് കുഞ്ഞ് മരിച്ച സംഭവം; ആരോഗ്യ വകുപ്പിന്റെ പിഴവ് മറച്ചുവയ്ക്കാൻ ശ്രമമെന്ന് മാതാപിതാക്കൾ

കൊവിഡ് ബാധിച്ച് കുഞ്ഞ് മരിച്ച സംഭവം; ആരോഗ്യ വകുപ്പിന്റെ പിഴവ് മറച്ചുവയ്ക്കാൻ ശ്രമമെന്ന് മാതാപിതാക്കൾ

മലപ്പുറം മഞ്ചേരിയിൽ നാലുമാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ. കുട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന തെറ്റായ ഫലത്തിലെ പിഴവ് മറച്ചു വയ്ക്കാനാണ് ശ്രമമെന്നാണ് ആരോപണം. കൃത്യമായ ചികിത്സ കിട്ടാതെയാണ് കുട്ടി മരിച്ചതെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഏപ്രിൽ 24നാണ് മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പിൽ അഷറഫ്, ആഷിഫാ ദമ്പതികളുടെ മകൾ നൈഹ ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. മരണം ചികിത്സയിലെ അനാസ്ഥ കൊണ്ടാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടി മരിച്ച് 33 ദിവസം പിന്നിട്ടിട്ടും അനുബന്ധ പരിശോധനാ ഫലങ്ങൾ നൽകിയില്ല. ഇത് പിഴവ് മറച്ചുവയ്ക്കാനെന്ന് സംശയിക്കുന്നു. കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ച ഫലം വന്നിട്ടും അറിയിക്കാൻ 28 മണിക്കൂർ വൈകിയെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ച കുഞ്ഞ് മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണകാരണം. നാല് മാസമായി ഹൃദയ സംബന്ധിയായ അസുഖങ്ങൾ മൂലം കുഞ്ഞ് ചികിത്സയിലായിരുന്നു. കുഞ്ഞിന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന കാര്യത്തിലും വ്യക്തത ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു.

Share this story