ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈനാകണം; നാട്ടുകാരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈനാകണം; നാട്ടുകാരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

ഒരാൾക്ക് കൊവിഡ് ബാധയുണ്ടായാൽ പിന്നാലെ കുടുംബത്തിലെ നിരവധി പേർക്ക് രോഗമുണ്ടാകുന്നു. ചില സംഭവങ്ങളിൽ കുടുംബാംഗത്തിന് രോഗബാധ അറിയാത്തതാണ് മറ്റുള്ളവർക്ക് പകരുന്നത്. രോഗസാധ്യതയുള്ളവർ വേണ്ട മുൻ കരുതലുകളെടുക്കുന്നില്ല. രോഗവ്യാപന സ്ഥലത്ത് നിന്നെത്തുന്നവർ ക്വാറന്റൈൻ പാലിക്കണം. ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈനാകണം.

നിരീക്ഷണത്തിൽ കഴിയുന്നവർ നിബന്ധന പാലിക്കുന്നില്ലെങ്കിൽ നാട്ടുകാർ ഇത് ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇത്തരക്കാരെ ഉപദേശിക്കാനും ജനങ്ങൾ തയ്യാറാകണം. പ്രവാസികളുടെ കാര്യത്തിൽ, വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. ഇക്കാര്യം തുടക്കം മുതലെ ആവർത്തിക്കുന്നുണ്ട്. എന്നാൽ ഒരു ക്രമീകരണവുമില്ലാതെ ആളുകൾ ഒന്നിച്ച് വന്നാൽ രോഗം തടയാനുള്ള നടപടികൾ അപ്രസക്തമാകും.

വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും എത്തുന്നവരെ ക്വാറന്റൈനിൽ അയക്കുകയാണ്. ഇവർ പോകുന്ന വഴിയിൽ ഇറങ്ങാനോ ആരെയും കാണാനോ പാടില്ല. ഇത് ലംഘിച്ചാൽ പ്രത്യാഘാതമുണ്ടാകും. ഇത്തരം ക്രമീകരണം വേണമെന്ന് ആവർത്തിച്ച് പറയു്‌നു.

വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി സർക്കാരിന് ലഭിക്കണം. അതിന് വരുന്നവർ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. എല്ലാവരുടെയും ആരോഗ്യ സുരക്ഷ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story