ആർ ശ്രീലേഖയും ശങ്കർ റെഡ്ഡിയും ഡിജിപിമാർ

ആർ ശ്രീലേഖയും ശങ്കർ റെഡ്ഡിയും ഡിജിപിമാർ

ആർ ശ്രീലേഖയെയും ശങ്കർ റെഡ്ഡിയെയും ഡിജിപിമാരായി നിയമിച്ചു. ഫയർ ആന്റ് റെസ്‌ക്യൂ മേധാവിയായാണ് ആർ ശ്രീലേഖയെ നിയമിച്ചിരിക്കുന്നത്. ശങ്കർ റെഡ്ഡി റോഡ് സുരക്ഷാ കമ്മിഷണറായി തുടരും.

ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാണ് ആർ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എഎസ്പിയായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് എഐജിയായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം സിബിഐ കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡിഐജിയായിരുന്നതിന് ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു ആർ ശ്രീലേഖ.

പൊലീസ് തലപ്പത്തും ഭരണ തലപ്പത്തും വൻ അഴിച്ചുപണിയാണ് ഉണ്ടായിരിക്കുന്നത്. വിശ്വാസ് മേത്തയെ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മേയ് 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. അഭ്യന്തരജലവിഭവ വകുപ്പുകളുടെ ചുമതലയുളള വിശ്വാസ് മേത്ത 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ടി.കെ ജോസിനെ പുതിയ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനെ സ്ഥലം മാറ്റി. മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നവജോത് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടർ. കാർഷികോൽപ്പാദന കമ്മിഷണറായി ഇഷിതാ റായിയെ നിയമിച്ചു. എം ആർ അജിത് കുമാറിനെ ഗതാഗത കമ്മിഷണറായി നിയമിച്ചു.

ബി ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഡോ. വി വേണു ആസൂത്രണ ബോർഡ് സെക്രട്ടറിയാകും. ആലപ്പുഴ കളക്ടർ എം. എഞ്ജനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എ അലക്‌സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടർ.

Share this story