ബെവ് ക്യൂ ആപ്പ് രണ്ടാം ദിവസവും പണിമുടക്കി; എക്‌സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു

ബെവ് ക്യൂ ആപ്പ് രണ്ടാം ദിവസവും പണിമുടക്കി; എക്‌സൈസ് മന്ത്രി ഉന്നതതലയോഗം വിളിച്ചു

തുടർച്ചയായ രണ്ടാം ദിവസവും ബെവ് ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവിൽപ്പന ഇന്നും പ്രതിസന്ധിയിലായി. ഇതോടെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ഉന്നതതല യോഗം വിളിച്ചു. ഇന്നുച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരുന്നത്. ബെവ്‌കോ അധികൃതർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

ബെവ് ക്യൂ ആപ്പ് തുടർച്ചയായ രണ്ടാം ദിവസവും പണിമുടക്കിയതോടെ ടോക്കൺ ഇല്ലാതെ തന്നെ മദ്യം നൽകാൻ ചില ബാറുടമകൾ തീരുമാനിക്കുകയും ചെയ്തു. ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി ആർ സുനിൽകുമാറിന്റെ പാപ്പനംകോട്ടെ ബാറിലടക്കമാണ് ടോക്കൺ ഇല്ലാതെ മദ്യം വിതരണം ചെയ്തത്.

മൊബൈൽ ആപ്പ് ഇല്ലാത്തവരും വൃദ്ധരും അടക്കം നിരവധി പേർ ഇവിടെ നിന്ന് മദ്യം വാങ്ങാനെത്തി. ബെവ് ക്യൂ ആപ്പിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും വരുന്നവർക്ക് മദ്യം നൽകി അതിന്റെ കണക്ക് ബെവ്‌കോക്ക് നൽകുമെന്നും പി ആർ സുനിൽകുമാർ അറിയിച്ചു.

അതേസമയം ടോക്കൺ ഇല്ലാതെ മദ്യം നൽകുന്നുവെന്ന വാർത്ത പുറത്തായതോടെ പോലീസ് എത്തി ബാറുകളിൽ ആളുകളെ തടഞ്ഞു. ടോക്കൺ ഇല്ലാതെ നിന്നവരെ പോലീസ് ഇടപെട്ട് മടക്കി അയക്കുകയും ചെയ്തു.

Share this story