ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകാൻ സർക്കാർ; തകരാറുകൾ ഉടൻ പരിഹരിക്കും

ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകാൻ സർക്കാർ; തകരാറുകൾ ഉടൻ പരിഹരിക്കും

തുടർച്ചയായ രണ്ടാം ദിവസവും മദ്യവിൽപ്പനക്കുള്ള ടോക്കൺ വിതരണം പരാജയപ്പെട്ടെങ്കിലും ബെവ് ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ചെറിയ പോരായ്മകൾ പരിഹരിച്ചാൽ ആപ്പ് പ്രവർത്തന സജ്ജമാകുമെന്ന് ഐടി വിദഗ്ധരുടെ അഭിപ്രായം മാനിച്ചാണ് മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചത്.

ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ നിർദേശിച്ചു. ആപ്പിന്റെ പ്രവർത്തനം ഐടി സെക്രട്ടറിയും സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒയും നേരിട്ട് പരിശോധിക്കാനും യോഗത്തിൽ ധാരണയായി.

കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന സ്ഥാപനമാണ് ആപ്പിന്റെ നിർമാതാക്കൾ. രണ്ടാം ദിവസവും ആപ്പ് പണി മുടക്കിയതോടെ ഓഫീസ് അടച്ചുപൂട്ടി ഫെയർകോഡ് അധികൃതർ സ്ഥലം വിട്ടിരുന്നു. എസ് എം എസ് പ്രൊവൈഡ് ചെയ്യുന്ന കമ്പനിയുമായുള്ള സാങ്കേതിക തകരാറാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ഇവർ സർക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫേസ്ബുക്കിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

Share this story