സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, പകരം ഓൺലൈൻ ക്ലാസ്; അധ്യാപകരും സ്‌കൂളുകളിൽ എത്തേണ്ട

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, പകരം ഓൺലൈൻ ക്ലാസ്; അധ്യാപകരും സ്‌കൂളുകളിൽ എത്തേണ്ട

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. പകരം ജൂൺ ഒന്ന് മുതൽ കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

സ്‌കൂൾ തുറക്കുന്നതുവരെ കുട്ടികളോ അധ്യാപകരോ സ്‌കൂളുകളിലേക്ക് വരേണ്ടതില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശത്തിന് അനുസരിച്ചായിരിക്കും സ്‌കൂൾ തുറക്കുന്ന തീയതി തീരുമാനിക്കുക.

രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ വിക്ടേഴ്‌സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ ഉണ്ടാകും. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് നാല് പീരിയഡ് ആയി രണ്ട് മണിക്കൂറാകും ഒരു ദിവസം ക്ലാസുണ്ടാകുക. പത്താം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് പീരിയത് ആയി ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂൾ ക്ലാസുകൾക്ക് രണ്ട് പീരിയഡുകളായി ഒരു മണിക്കൂറുമായിരിക്കും ക്ലാസ്

പ്രൈമറി ക്ലാസുകളിൽ അരമണിക്കൂർ വീതമാണ് ഓൺലൈൻ ക്ലാസുണ്ടാകുക. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിസരത്തെ ലൈബ്രറികൾ കുടുംബശ്രീ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും.

Share this story