അവസാന നിമിഷം ട്രെയിൻ ക്യാൻസൽ ചെയ്തു; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

അവസാന നിമിഷം ട്രെയിൻ ക്യാൻസൽ ചെയ്തു; പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

പത്തനംതിട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കോഴഞ്ചേരി, പുല്ലാട്, അടൂർ, ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളിലാണ് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചു. തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ നിന്നും ബീഹാറിലേക്ക് പോകാൻ ഇവർക്ക് ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ അവസാന നിമിഷം ട്രെയിൻ റദ്ദാക്കുകയായിരുന്നു

1500 പേർക്കാണ് ബീഹാറിലേക്ക് പോകാൻ ക്രമീകരണങ്ങൾ നടത്തിയിരുന്നത്. ജില്ലയിൽ നിന്ന് പോകുന്നവർക്ക് ഭക്ഷണമുൾപ്പെടെ ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ വാഹന സൗകര്യവും ഏർപ്പെടുത്തി. എന്നാൽ ട്രെയിൻ നാളെയെ പുറപ്പെടുവെന്ന് അവസാന നിമിഷം അറിയിപ്പ് എത്തുകയായിരുന്നു

ട്രെയിൻ ഇന്നില്ലെന്ന് അറിഞ്ഞതോടെ തൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധിക്കുകയായിരുന്നു. അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം കെട്ടിപ്പൊതിഞ്ഞായിരുന്നു തൊഴിലാളികൾ നാട്ടിലേക്ക് പോകാനിറങ്ങിയിരുന്നത്. സർക്കാർ വാഹനം ഏർപ്പെടുത്തിയില്ലെങ്കിൽ കാൽനടയായി നാട്ടിലേക്ക് പോകുമെന്നാണ് ഇവർ പറയുന്നത്. ആനപ്പാറയിൽ ഇവർ താമസിച്ചിരുന്ന സ്‌കൂൾ കെട്ടിടം ഇവർ ഇറങ്ങിയതിന് പിന്നാലെ അടയ്ക്കുകയും ചെയ്തു.

Share this story