കുപ്രസിദ്ധ സീരിയൽ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും 

കുപ്രസിദ്ധ സീരിയൽ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും 

കുപ്രസിദ്ധ സീരിയൽ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നേരത്തെ സമാനമായ എട്ട് കേസുകളിൽ തെളിവില്ലെന്ന് കണ്ട് ഇയാളെ വിട്ടയച്ചിരുന്നു. പിന്നാലെയാണ് ഈ കേസിൽ ശിക്ഷിക്കപ്പെടുന്നത്.

തേവര സ്വദേശിയായ പണിക്കർ കുഞ്ഞുമോനാണ് റിപ്പർ സേവ്യർ എന്ന പേരിൽ അറിയപ്പെടുന്നത്. 2016 മാർച്ച് 9ന് സുഹൃത്ത് ഉണ്ണിക്കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തന്നെ ആക്രമിച്ചത് സേവ്യറാണെന്ന് ചികിത്സയിലിരിക്കെ ഉണ്ണികൃഷ്ണൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇത് മരണമൊഴിയായി സ്വീകരിച്ചാണ് ശിക്ഷ

ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുകയിൽ 75,000 രൂപ ഉണ്ണികൃഷ്ണന്റെ ഭാര്യക്ക് നൽകണമെന്നും കോടതി വിധിച്ചു. എറണാകുളം ഇഎസ്‌ഐ ആശുപത്രിക്ക് സമീപത്തുള്ള ഓലഷെഡ്ഡിൽ വെച്ചാണ് ഉണ്ണികൃഷ്ണനെ ഇയാൾ കൊലപ്പെടുത്തുന്നത്.

ഉണ്ണികൃഷ്ണന്റേതുൾപ്പെടെ 9 പേരെ കല്ലിനിടിച്ച് താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. പണം മോഷ്ടിക്കാനാണ് കൊലപാതകമെന്നും ഇയാൾ വെളിപ്പെടുത്തി. 2007 മുതൽ 2016 വരെയുള്ള കാലത്തിനിടക്കാണ് 9 കൊലപാതകങ്ങളും നടന്നത്. വഴിയോരത്ത് കിടന്നുറങ്ങിയ ഭിക്ഷാടകരും അനാഥരുമായിരുന്നു ഇയാളുടെ ഇരകൾ.

Share this story