ലോക്ക് ഡൗൺ ഇളവുകളിൽ സംസ്ഥാനത്തിന്റെ തീരുമാനം ഇന്നറിയാം; നിയന്ത്രണങ്ങൾ ഒറ്റയടിക്ക് നീക്കില്ല

ലോക്ക് ഡൗൺ ഇളവുകളിൽ സംസ്ഥാനത്തിന്റെ തീരുമാനം ഇന്നറിയാം; നിയന്ത്രണങ്ങൾ ഒറ്റയടിക്ക് നീക്കില്ല

ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തിയാണ് കേന്ദ്രം അഞ്ചാം ഘട്ട ലോക്ക് ഡൗൺ ജൂൺ 30 വരെ നീട്ടിയിരിക്കുന്നത്. എന്നാൽ കേന്ദ്രത്തിന്റെ ഇളവുകൾ അതേ രൂപത്തിൽ സംസ്ഥാനത്ത് നടപ്പാക്കാനുള്ള സാധ്യത കുറവാണ്

നിലവിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്ത് കൊവിഡ് രോഗികൾ വർധിക്കുന്നത്. ഇതിനാൽ തന്നെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായിട്ടാകും പിൻവലിക്കുക. സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തിയാകും ഇളവുകൾ അനുവദിക്കുന്നതും. ഷോപ്പിംഗ് മാളുകൾ തുറന്നു കൊടുക്കുമെങ്കിലും തീയറ്ററുകൾ പ്രവർത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ മാസം ഓൺലൈൻ ക്ലാസുകൾ മാത്രമാകും ഉണ്ടാകുക.

പതിനാല് ജില്ലകളിലും മിക്കയിടത്തും ഹോട്ട് സ്‌പോട്ടുള്ളതിനാൽ ജില്ല കടന്നുള്ള പൊതുഗതാഗതം ഉടൻ അനുവദിക്കില്ല. ജൂൺ 8ന് ശേഷം ആരാധനാലയങ്ങൾ തുറക്കാമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. നിയന്ത്രണങ്ങളോടെയാകും ആരാധാനാലയങ്ങൾ തുറന്നു കൊടുക്കുക. അന്തർ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും സംസ്ഥാനം ഇത് തുടരാനാണ് സാധ്യത.

ജൂൺ 8 മുതൽ ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറക്കാമെന്നും കേന്ദ്ര മാർഗനിർദേശത്തിലുണ്ട്. സംസ്ഥാനത്ത് ഇത് നടപ്പാക്കിയാൽ ബാറുകൾ തുറക്കണമെന്ന ആവശ്യവും ഉയരും.

Share this story