ന്യൂനമർദം നാളെയോടെ നിസർഗ ചുഴലിക്കാറ്റാകും; കേരളത്തിൽ ശക്തമായ മഴ തുടരുന്നു

ന്യൂനമർദം നാളെയോടെ നിസർഗ ചുഴലിക്കാറ്റാകും; കേരളത്തിൽ ശക്തമായ മഴ തുടരുന്നു

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോടിന്റെ മലയോര മേഖലകളിലും മഴ അതിശക്തമായി തുടരുകയാണ്.

രണ്ട് ന്യൂനമർദങ്ങളാണ് നിലവിൽ അറബിക്കടലിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറൻ തീരത്തും രണ്ടാമത്തെ ന്യൂനമർദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമർദം ശക്തിപ്രാപിച്ച് നാളെയോടെ നിസർഗ ചുഴലിക്കാറ്റാകും. കേരളത്തിൽ കാലവർഷം ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാർത്താ സമ്മേളം വിളിച്ചിട്ടുണ്ട്.

കേരളത്തിൽ പരക്കെ ഇടിയോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story