പുത്തൻ അധ്യയന വർഷം, പുത്തൻ രീതി; സംസ്ഥാനത്ത് ഓൺലൈൻ പഠനം ഇന്ന് മുതൽ ആരംഭിക്കും

പുത്തൻ അധ്യയന വർഷം, പുത്തൻ രീതി; സംസ്ഥാനത്ത് ഓൺലൈൻ പഠനം ഇന്ന് മുതൽ ആരംഭിക്കും

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാതെ വീട്ടിയിരുന്ന് ഓൺലൈൻ ക്ലാസുകളാണ് നടക്കുക. വിക്ടേഴ്‌സ് ചാനൽ മുഖാന്തരമാണ് പഠനം

സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്ത വിദ്യാർഥികളും ഓൺലൈൻ പഠനം ഉറപ്പാക്കാനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇന്നത്തെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാത്ത വിദ്യാർഥികളുടെ കണക്കെടുത്ത് സൗകര്യം ഒരുക്കും. കുടുംബശ്രീയുടെ സഹകരണത്തോടെ അങ്കണവാടികളിലും സ്‌കൂളുകളിലും ഇത്തരം സൗകര്യമൊരുക്കും

ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത രണ്ട് ലക്ഷം കുട്ടികളെങ്കിലും കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇവരുടെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തൽ വിദ്യാഭ്യാസ വകുപ്പിന് വെല്ലുവിളിയാണ്. ഇന്നത്തെ ക്ലാസ് കഴിയുന്നതോടെ പങ്കെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കും. ഇവരുടെ അയൽപക്കങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ടോയെന്ന് ആദ്യം നോക്കും. ഇതും സാധ്യമായില്ലെങ്കിലാണ് പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ സൗകര്യമൊരുക്കുക

പിന്നോക്ക, തീരദേശ, ആദിവാസി മേഖലകളിലെ വിദ്യാർഥികൾക്ക് പ്രത്യേക ഊന്നൽ നൽകിയായിരിക്കും ഓൺലൈൻ പഠന സംവിധാനം ഒരുക്കുക. വീടുകളിൽ വർക്ക്ഷീറ്റ് എത്തിക്കാനുള്ള തീരുമാനവുമുണ്ട്. സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം, ഗൂഗിൾ ക്ലാസ് റൂം തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴിയാണ് സ്വകാര്യ സ്‌കൂളുകളുടെ ഓൺലൈൻ പഠനം.

Share this story