നിസർഗ ചുഴലിക്കാറ്റ് രൂപം കൊണ്ടു, നാളെ തീരം തൊടും; സംസ്ഥാനത്തും കനത്ത ജാഗ്രത

നിസർഗ ചുഴലിക്കാറ്റ് രൂപം കൊണ്ടു, നാളെ തീരം തൊടും; സംസ്ഥാനത്തും കനത്ത ജാഗ്രത

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നിസർഗ ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇന്ന് രാത്രിയോടെ നിസർഗ തീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ പനാജിക്ക് 280 കിലോമീറ്റർ അകലെയാണ് നിസർഗയുടെ സ്ഥാനം

നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞുവീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. റായിഗഡിലെ അലിബാഗിലൂടെ കരയിലേക്ക് വീശുമെന്നാണ് അറിയിപ്പ്

മുംബൈയിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കേരളത്തിലും ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്

ഇന്ന് നാല് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

എറണാകുളം ഭൂതത്താൻകെട്ട് അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും മലങ്കര ഡാമിലെ 3 ഷട്ടറുകളും തുറന്നുവിട്ടു. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇടുക്കിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഹൈറേഞ്ചിൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this story