ആരാധനാലയങ്ങൾ തുറക്കുമോ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ആരാധനാലയങ്ങൾ തുറക്കുമോ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാനത്ത് ആരാധാനലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മതനേതാക്കളുമായി ചർച്ച നടത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശം ലഭിച്ചിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ്. വലിയ ആൾക്കൂട്ടം പാടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്

ആരാധനാലയങ്ങളിൽ സാധാരണ നില പുന:സ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് കാരണമാകും. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് മതനേതാക്കൾ പറഞ്ഞു. മുതിർന്ന പൗരൻമാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തിൽ എത്തും ഇവർ വരുന്നത് അപകടമാണ്. കൊവിഡ് ഇവരെ പെട്ടെന്ന് പിടികൂടാം. പ്രായമേറിയവരും മറ്റ് രോഗങ്ങൾ ഉള്ളവരെയും കൊവിഡ് ബാധിച്ചാൽ സുഖപ്പെടുത്താനും പ്രയാസമാണ്. ഈ വിഭാഗം ആളുകളുടെ കാര്യത്തിൽ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കൾ യോജിച്ചു

രോഗവ്യാപനം ഒഴിവാക്കാനുതകുന്ന പ്രായോഗിക നിർദേശങ്ങൾ മതനേതാക്കൾ മുന്നോട്ടുവെച്ചു. ഇവ കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും. കേന്ദ്ര നിർദേശം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ആരാധനാലയങ്ങൾ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് ചിലർ ചോദിക്കുന്നത് കണ്ടു. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള പ്രസ്താവനകളാണ് ഇതെന്ന് കരുതുന്നില്ല.

ആരാധനാലയങ്ങൾ അടച്ചിടേണ്ട സാഹചര്യം വന്നപ്പോഴും സർക്കാർ മതനേതാക്കളുമായി ചർച്ച നടത്തി. ഓരോ ഘട്ടത്തിലും അവരെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായം കണക്കിലെടുത്തുമാണ് മുന്നോട്ടുപോകുന്നത്. കൊട്ടിയൂർ ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്താനാണ് നിർദേശിച്ചത്.

ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുന്നത് വിശ്വാസികൾക്ക് വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. എന്നാൽ സമൂഹത്തെ കരുതിയുള്ള നിയന്ത്രണങ്ങളോട് എല്ലാ മതങ്ങളും യോജിച്ചു. ഇക്കാര്യത്തിൽ വലിയ ഐക്യമാണുള്ളത്. ഒത്തൊരുമയോടെ ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിച്ചു. ബന്ധപ്പെട്ടവരോട് നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share this story