ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറക്കാം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറക്കാം; മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്

സംസ്ഥാനത്തെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും മാളുകളും എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണ വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാം. ജൂണ്‍ എട്ടിന് തുറക്കാമെങ്കിലും അന്ന് സ്ഥാപനം അണുവിമുക്തമാക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ നല്ല ചൂട് വെള്ളത്തില്‍ കഴുകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

റസ്റ്റോറന്റുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പൊതു നിബന്ധനകള്‍ക്ക് പുറമെ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ഡോം ഡെലിവറിക്ക് പോകുന്നവരുടെ താപ പരിശോധന നടത്തണം.

താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപപരിശോധനാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. സ്റ്റാഫുകള്‍ക്കും ഗസ്റ്റുകള്‍ക്കും രോഗലക്ഷണമുണ്ടാകരുത്. ജീവനക്കാരും അതിഥികളും ഹോട്ടലിലുള്ള മുഴുവന്‍ സമയവും മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. അകത്തേക്കും പുറത്തേക്കുമായി പ്രത്യേക സംവിധാനം വേണം. ലിഫ്റ്റില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം

അതിഥികള്‍ യാത്രാ ചരിത്രം ആരോഗ്യസ്ഥിതി എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം. പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലാക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കണം. റൂം സര്‍വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം. റൂമിന്റെ വാതില്‍ക്കല്‍ ആഹാര സാധനങ്ങള്‍ വെക്കണം. എയര്‍ കണ്ടീഷണറുകള്‍ 24-30 ഡിഗ്രിയില്‍ പ്രവര്‍ത്തിക്കണം. കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടണം.

റസ്റ്റോറന്റുകളില്‍ ബുഫേ നടത്തിയാല്‍ സാമൂഹിക അകലം പാലിക്കണം. മെനു കാര്‍ഡ് ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കണം. ഒരാള്‍ ഉപയോഗിച്ചാല്‍ നശിപ്പിക്കണം. പേപ്പര്‍ നാപ്കിനുകള്‍ നല്‍കണം. ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കൈയുറയും ധരിക്കണം. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനമേ അനുവദിക്കാവൂ. പേയ്‌മെന്റ് ഡിജിറ്റര്‍ മാര്‍ഗത്തിലാക്കണം. ഉപഭോക്താവ് പോയ ശേഷം ടേബിളുകള്‍ അണുവിമുക്തമാക്കണം.

Share this story