സംസ്ഥാനത്ത് ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ; രോഗവ്യാപനം നിയന്ത്രണാതീതമാകും

സംസ്ഥാനത്ത് ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ; രോഗവ്യാപനം നിയന്ത്രണാതീതമാകും

സംസ്ഥാനത്ത് ലോക്ക ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗവ്യാപനം നിയന്ത്രണാതീതമാകും. ഉറവിടം അറിയാത്ത കൊവിഡ് കേസുകളിലൂടെ സമൂഹവ്യാപനം നടന്നുവെന്ന് കരുതണമെന്നും ഐഎംഎ പറയുന്നു

ഇളവുകള്‍ ഉപയോഗപ്പെടുത്തി പുറത്തിറങ്ങുന്നവര്‍ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പെരുമാറുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖമുണ്ടാകുന്ന അവസ്ഥയുണ്ട്. ഇതില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായും മനസ്സിലാക്കുന്നു.

ഇത്തരം കാര്യങ്ങള്‍ സമൂഹവ്യാപനത്തിലേക്കാണ് എത്തിക്കുക. രോഗം കിട്ടിയത് എവിടെ നിന്നെന്ന് പോലുമറിയാത്തവരുടെ എണ്ണവും കൂടി വരികയാണ്. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗവ്യാപനം നിയന്ത്രണാതീതമായി തീരും. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ നമ്മുടെ ആരോഗ്യ സംവിധാനം സമ്മര്‍ദത്തിലാകും. അതിനാല്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ തുറന്നു കൊടുക്കരുതെന്നാണ് ഐഎംഎയുടെ നിലപാടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Share this story