ശബരിമലയിൽ ദർശനം അനുവദിക്കും; പ്രായമായവർക്കും കുട്ടികൾക്കും അനുമതിയില്ല

ശബരിമലയിൽ ദർശനം അനുവദിക്കും; പ്രായമായവർക്കും കുട്ടികൾക്കും അനുമതിയില്ല

ശബരിമല ദർശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ദർശനം വിർച്വൽ ക്യൂ വഴി നിയന്ത്രിക്കാനാണ് തീരുമാനം. ഒരു സമയം 50ൽ അധികം പേർ ദർശനത്തിന് എത്താൻ പാടില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കും. മാസ്‌ക് നിർബന്ധമാണ്. നെയ് അഭിഷേകത്തിന് ഭക്തർ പ്രത്യേക സ്ഥലത്ത് നെയ് കൈമാറുന്ന രീതി നടപ്പാക്കും

ദേവസ്വം ജീവനക്കാർക്കും മാസ്‌കും കൈയുറയും നിർബന്ധമാണ്. കേന്ദ്ര നിർദേശം അനുസരിച്ച് 10 വയസ്സിൽ താഴെയുള്ള കുട്ടികളെയും 65 വയസ്സിൽ കൂടുതൽ പ്രായമുള്ളവരെയും ശബരിമലയിൽ അനുവദിക്കില്ല. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തും. വിർച്വൽ ക്യൂ വഴി അനുമതി ലഭിക്കുന്നവർക്ക് മാത്രമേ ശബരിമലയിലേക്ക് പ്രവേശനമുണ്ടാകു

ഇതര സംസ്ഥാനക്കാർ ശബരിമല ദർശനത്തിനായി വരേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. കേന്ദ്രം പൊതുവായി പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധാനാലയങ്ങൾ തുറക്കുമ്പോൾ 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ളവർ, മറ്റ് അസുഖബാധിതർ എന്നിവർ വീട്ടിൽ കഴിയണമെന്നാണ് കേന്ദ്രനിർദേശം. ഇത് ഇവിടെയും നടപ്പാക്കും

ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം. മാസ്‌ക് ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോൾ തുവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നവെങ്കിൽ ശരിയായി നിർമാർജനം ചെയ്യണം.

രോഗലക്ഷണമുള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്. ചെരുപ്പുകൾ അകത്തു കടത്തരുത്. നിശ്ചിത അകലത്തിൽ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക പോയിന്റുകളുണ്ടാകും.

ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോർഡ് കേൾപ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകൾ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം. ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തണം. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. കൊവിഡ് മുൻകരുതൽ ആരാധനാലയങ്ങളിൽ എല്ലാവർക്കും വായിക്കാനാകുന്ന രീതിയിൽ പ്രദർശിപ്പിക്കണം

 

Share this story