എതിർപ്പറിയിച്ച് വിശ്വാസികൾ; എറണാകുളത്തെ രണ്ട് പള്ളികൾ തുറക്കുന്നത് നീട്ടിവെച്ചു, നിലപാട് മാറ്റി ലത്തീൻ, യാക്കോബായ സഭകളും

എതിർപ്പറിയിച്ച് വിശ്വാസികൾ; എറണാകുളത്തെ രണ്ട് പള്ളികൾ തുറക്കുന്നത് നീട്ടിവെച്ചു, നിലപാട് മാറ്റി ലത്തീൻ, യാക്കോബായ സഭകളും

കൊവിഡ് ഭീഷണി ചൂണ്ടിക്കാട്ടി വിശ്വാസികൾ എതിർപ്പ് അറിയിച്ചതോടെ എറണാകുളത്ത് രണ്ട് പള്ളികൾ തുറക്കുന്നത് നീട്ടിവെച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികളാണ് വിശ്വാസികളുടെ വികാരം മാനിച്ച് തുറക്കുന്നത് നീട്ടിവെച്ചത്. മറ്റൂർ സെന്റ് ആന്റണീസ് പള്ളിയും കടവന്ത്ര സെന്റ് ജോസഫ് പള്ളിയുമാണ് തത്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

ആരാധനാലയങ്ങൾ മെയ് എട്ടിന് ശൂചീകരിച്ച് ഒമ്പത് മുതൽ വിശ്വാസികൾക്കായി തുറന്നു കൊടുക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറക്കാനുള്ള നടപടികൾ വിവിധ മതസ്ഥപാനങ്ങൾ തുടങ്ങി വരികയാണ്. ഇതിനിടെയാണ് ഒരു വിഭാഗം വിശ്വാസികൾ എതിർപ്പറിയിച്ചും രംഗത്തുവന്നത്

ലത്തീൻ അതിരൂപതയും ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നിലപാട് മാറ്റിയിട്ടുണ്ട്. വിശ്വാസികളുടെ ആശങ്കയും എതിർപ്പും പരിഗണിച്ച് ദേവാലയങ്ങൾ തുറക്കുന്ന കാര്യം അതാത് ഇടവക വികാരികൾക്ക് തീരുമാനിക്കാമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് കളത്തിപറമ്പിൽ അറിയിച്ചു. മാർഗനിർദേശങ്ങൾ തിരുവനന്തപുരം ലത്തീൻ അതിരൂപത പുറത്തുവിട്ടിട്ടുണ്ട്.

കൊവിഡ് കാലത്ത് പള്ളി തുറക്കണമെന്ന് നിർബന്ധമില്ലെന്ന് യാക്കോബായ സഭയും വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ പള്ളികൾ അടച്ചു തന്നെയിടാൻ സഭ പള്ളി വികാരികൾക്ക് നിർദേശം നൽകി.

Share this story