സുരക്ഷ ഉറപ്പുവരുത്താനാകാത്ത പള്ളികൾ തുറക്കരുതെന്ന് കെ സി ബി സി

സുരക്ഷ ഉറപ്പുവരുത്താനാകാത്ത പള്ളികൾ തുറക്കരുതെന്ന് കെ സി ബി സി

കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പു വരുത്താനാകാത്ത പള്ളികൾ തുറക്കേണ്ടതില്ലെന്ന് കെ സി ബി സി. പള്ളികൾ തുറന്നതിന് ശേഷം വൈറസ് വ്യാപത്തിന്റെ സാധ്യത ബോധ്യപ്പെട്ടാൽ ദേവാലയ കർമങ്ങൾ നിർത്തിവെക്കണമെന്നും കെ സി ബി സി നിർദേശം നൽകി. കത്തോലിക്ക സഭയിലെ എല്ലാ രൂപതകളിലും ഈ സമീപനാണ് സ്വീകരിച്ചിരിക്കുന്നതെന്നും രൂപതാ അധികാരികൾ വിവേകത്തോടെ പ്രവർത്തിക്കണമെന്നും കെസിബിസി നിർദേശിച്ചു.

ചങ്ങനാശ്ശേരി അതിരൂപതയിലെ പള്ളികൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പള്ളികൾ തുറക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം അറിയിക്കുമെന്ന് ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം അറിയിച്ചു. ആലപ്പുഴ രൂപതയിലെ പള്ളികളും തുറക്കേണ്ടെന്ന് തീരുമാനിച്ചു. 79 പള്ളികളാണ് ആലപ്പുഴ രൂപതക്ക് കീഴിലുള്ളത്. ഇവയൊന്നും ഉടൻ തുറക്കില്ലെന്ന് ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ വ്യക്തമാക്കി.

താമരശ്ശേരി രൂപതയിൽ നിബന്ധനകൾ പാലിച്ച് പള്ളികൾ തുറക്കും. കോഴിക്കോട് രൂപത തീരുമാനം ഇടവക വികാരിമാർക്ക് വിട്ടു. യാക്കോബായ സുറിയാനി സഭ നിരണം, കൊല്ലം ഭദ്രാസനങ്ങൾ പള്ളികൾ തത്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.

Share this story