തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ നിന്നും രോഗി മുങ്ങി; സ്വദേശത്ത് എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ നിന്നും രോഗി മുങ്ങി; സ്വദേശത്ത് എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ ചികിത്സയിലിരുന്ന ആനാട് സ്വദേശി കടന്നുകളഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞത്. തുടർന്ന് കെ എസ് ആർ ടി സി ബസിൽ കയറി ആനാട് എത്തി.

നാട്ടുകാർ കണ്ടതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ സ്ഥലത്ത് വന്ന് ഇയാളെ തടഞ്ഞുവെച്ചു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതു കൊണ്ടാണ് വന്നതെന്ന് ഇയാൾ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ചേർന്ന് ഇയാളെ ആംബുലൻസിൽ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രി അധികൃതരുമായി ഇയാൾ സഹകരിച്ചിരുന്നില്ലെന്നാണ് വിവരം. മെഡിക്കൽ കോളജിന്റെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കാണുന്നത്. ആനാട് ഇയാൾ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു. ഫയർഫോഴ്‌സ് മേഖലയിൽ അണുനശീകരണം ചെയ്യുകയാണ്.

സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം ഇയാളുടെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ഇയാൾ കടന്നുകളഞ്ഞത്.

Share this story