കെ എസ് ആർ ടി സി എംഡിയായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു

കെ എസ് ആർ ടി സി എംഡിയായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു

കെ എസ് ആർ ടി സിയുടെ പുതിയ എംഡിയായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വ്യക്തിപരമായ കാരണങ്ങളാൽ എം ഡി സ്ഥാനത്ത് നിന്നൊഴിഞ്ഞ എം പി ദിനേശ് ഐപിഎസിന് പകരക്കാരനായാണ് നിയമനം

കെ എസ് ആർ ടി സിയുടെ അധിക ചുമതലാണ് ബിജു പ്രഭാകറിന് നൽകിയിരിക്കുന്നത്. നിലവിൽ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂനിയനുകളും ബിജു പ്രഭാകറിന്റെ നിയമനത്തോട് യോജിച്ചുവെന്നാണ് അറിയുന്നത്. എം രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുമ്പ് കെ എസ് ആർ ടി സി എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ

കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ശക്തമാക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ഇളവുകൾ പിൻവലിക്കാതെ തന്നെ നിയന്ത്രണം കർശനമാക്കാനാണ് തീരുമാനം. കൂടാതെ തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപ്പാതയുടെ അലൈൻമെന്റ് മാറ്റാനുള്ള ശുപാർശയും മന്ത്രിസഭാ യോഗം അംഗീകരിച്ചു

കൊയിലാണ്ടി മുതൽ മാഹി വരെയുള്ള അലൈൻമെന്റിലാണ് മാറ്റം. പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ഇവിടെ അലൈൻമെന്റ് മാറ്റുന്നത്. 66,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്.

Share this story