ഒളിച്ചോടിയ കൊവിഡ് രോഗിയെ ആശുപത്രിയിൽ തിരികെ എത്തിച്ചപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു

ഒളിച്ചോടിയ കൊവിഡ് രോഗിയെ ആശുപത്രിയിൽ തിരികെ എത്തിച്ചപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരിക്കെ ഇന്നലെ ഒളിച്ചോടിയ ആനാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവെക്കുകയും ആരോഗ്യപ്രവർത്തകർ വന്ന് തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ കൊവിഡ് വാർഡിലെത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്.

അതീവ ഗുരുതരാവസ്ഥയിലുള്ള ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെയാണ് ആനാട് സ്വദേശി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. തമിഴ്‌നാട്ടിൽ മദ്യം വാങ്ങാൻ പോയതിനിടെയാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചത്. കൂട്ടുകാർക്കൊപ്പം മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ മെയ് 28ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കടുത്ത മദ്യാസക്തിയുള്ള ഇയാൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. വിത്ത് ഡ്രോവൽ സിൻഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാൾക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടും ഇയാൾ സഹകരിച്ചിരുന്നില്ല.

Share this story