തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊറോണ ഐസോലേഷന്‍ വാര്‍ഡില്‍ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും അധികൃതരെ വെട്ടിച്ച് ഇന്നലെ ഇയാള്‍ സ്വദേശമായ ആനാടിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് പിടികൂടി തിരികെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. അപസ്മാര രോഗമുള്‍പ്പെടെ ഇയാള്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ തിരികെ എത്തിച്ചതിന് പിന്നാലെ ഇയാളെ ഡോക്ടര്‍മാര്‍ ആശ്വസിപ്പിക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്നു.

ഇന്ന് യുവാവിനെ ഡിസ്ചാര്‍ജ് നല്‍കാനായിരുന്നു തീരുമാനം. ഇതിന് മുമ്പായി ആഹാരവും നല്‍കി. വീട്ടില്‍ പോയി കഴിക്കേണ്ട മരുന്നുകള്‍ കുറിച്ച് നല്‍കാനായി നഴ്‌സ് മുറിയിലെത്തിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടനെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share this story