ബസ് ചാർജ് കുറച്ചത് സ്റ്റേ ചെയ്ത നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകി

ബസ് ചാർജ് കുറച്ചത് സ്റ്റേ ചെയ്ത നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകി

സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ബസ് ചാർജ് വർധിപ്പിച്ചത് കൊവിഡ് പശ്ചാത്തലത്തിലെ അസാധാരണമായ സാഹചര്യം കണക്കിലെടുത്താണ്. ലോക്ക് ഡൗൺ ഇളവുകൾ വന്നപ്പോൾ നിയന്ത്രണങ്ങൾ മാറി. അതുകൊണ്ടാണ് ചാർജ് പഴയ രീതിയിലേക്ക് കുറച്ചതെന്നും അപ്പീലിൽ സർക്കാർ പറയുന്നു

കൊവിഡിന്റെ സാഹചര്യത്തിൽ ബസ് ഉടമകൾക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകി. അതിനാൽ തന്നെ ബസുടമകൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പരിശോധിച്ച് വരികയാണ്. സിംഗിൾ ബഞ്ചിന്റെ സ്‌റ്റേ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സർക്കാർ വ്യക്തമാക്കി

മോട്ടോർ, വാഹന നിയമപ്രകാരം ചാർജ് വർധന അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും.

Share this story