ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു

ശ്രീധന്യ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. വൈകുന്നേരമാണ് കളക്ട്രേറ്റിലെത്തി ചുമതലയേറ്റെടുത്തത്. കൊവിഡ് കാലത്ത് ചുമതല ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു. കളക്ടറായ സാംബശിവ റാവുവിന്‍റെ മുന്‍പിലാണ് ശ്രീധന്യ റിപ്പോർട്ട് ചെയ്തത്.

കൊവിഡ് കാലത്ത് ഭരണരംഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും മനസിലാക്കാനും കഴിയും. കോഴിക്കോട് രണ്ടാമത്തെ വീടാണെന്നും പഠിച്ചതും ചിന്തിക്കാൻ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങൾ കോഴിക്കോട്ട് ഉണ്ടെന്നും ശ്രീധന്യ. കാലെടുത്തുവച്ചത് വലിയൊരു ഉത്തരവാദിത്തത്തിലേക്കാണ്. ആത്മാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുമെന്നും ശ്രീധന്യ പറഞ്ഞു.

ശ്രീധന്യ രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റീനിലായിരുന്നു. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു.

2016ൽ ട്രൈബൽ വകുപ്പിൽ ജോലി ചെയ്യുമ്പോഴുണ്ടായ ഒരു അനുഭവമാണ് സിവിൽ സർവീസിലേക്ക് ശ്രീധന്യയെ എത്തിച്ചത്. അന്ന് വയനാട് സബ്കളക്ടറായിരുന്ന സാംബശിവ റാവു ഇന്ന് കോഴിക്കോട്ടെ കളക്ടറായതും യാദൃശ്ചികം.

Share this story