കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് അടക്കം 14 പേർക്ക് കൊവിഡ്

കണ്ണൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് അടക്കം 14 പേർക്ക് കൊവിഡ്

കണ്ണൂർ ജില്ലയിൽ 14 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവറടക്കം നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് പേർ വിദേശത്ത് നിന്നും രണ്ട് പേർ ചെന്നൈയിൽ നിന്നുമെത്തിയവരാണ്.

കെഎസ്ആർടിസി ബസിലെ ഡ്രൈവറായ മുഴക്കുന്ന് സ്വദേശിയാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരിൽ ഒരാൾ.താജ്കിസ്ഥാനിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുമായി കൊല്ലം വരെ പോയ ബസിലെ ഡ്രൈവറാണ് ഇയാൾ. ബസിലെ ഭൂരിഭാഗം യാത്രക്കാർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ബാധിച്ച തില്ലങ്കേരി സ്വദേശിയായ എയർ ഇന്ത്യ ജീവനക്കാരന്റെ സമ്പർക്കപ്പട്ടികയിൽപ്പെട്ടവരാണ് മറ്റ് മൂന്ന് പേർ. രണ്ട് പേർ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ്. ഇയാളുടെ പിതാവിന്റെ മുഴക്കുന്ന് സ്വദേശിയായ സുഹൃത്താണ് മറ്റൊരാൾ. എയർ ഇന്ത്യാ ജീവനക്കാരന്റെ പിതാവിനും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

പുതുതായി രോഗബാധ കണ്ടെത്തിയവരിൽ എട്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് പേരും കടന്നപ്പള്ളി, ആലക്കോട്, ശ്രീകണ്ഠാപുരം, പയ്യാവൂർ, തലശ്ശേരി, പാനൂർ സ്വദേശികളുമാണ് വിദേശത്ത് നിന്ന് വന്നത്. ചെന്നൈയിൽ നിന്ന് വന്ന തലശ്ശേരി സ്വദേശികളായ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ 295 പേർക്കാണ് കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ചത്. പത്ത് പേർ കൂടി രോഗമുക്തരായി. ധർമ്മടം സ്വദേശികളായ അഞ്ച് പേരും പാനൂർ, മേക്കുന്ന്, പെരിങ്ങത്തൂർ, തലശ്ശേരി, ചെമ്പിലോട് സ്വദേശികളുമാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 175 ആയി. നടുവിൽ, പാപ്പിനിശേരി പഞ്ചായത്തുകളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മാലൂർ, പെരളശേരി, പിണറായി പഞ്ചായത്തുകളെയും ശ്രീകണ്ഠാപുരം, തലശ്ശേരി മുൻസിപ്പാലിറ്റികളെയും ഹോട്ട് സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Share this story