അനധികൃത സ്വത്ത് സമ്പാദനം; വിഎ സക്കീർ ഹുസൈനെ പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി

അനധികൃത സ്വത്ത് സമ്പാദനം; വിഎ സക്കീർ ഹുസൈനെ പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി

വിഎ സക്കീർ ഹുസൈനെ പാർട്ടി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കി. സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മറ്റി അംഗം ശിവൻ നൽകിയ പരാതിയിലാണ് നടപടി. സിഎം ദിനേശ് മണി കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൻ്റേതാണ് തീരുമാനം.

സക്കീർ ഹുസൈന് നാല് വീടുകൾ ഉണ്ടെന്നാണ് സൂചന. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് തീരുമാനം.

നേരത്തെ, വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഇദ്ദേഹം നേരത്തെ അറസ്റ്റിലായിരുന്നു. തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. പിന്നീട് വീണ്ടും അദ്ദേഹം ഈ സ്ഥാനത്ത് എത്തുകയായിരുന്നു.

സിപിഐഎം നേതാവും അയ്യനാട് സഹകരണ ബാങ്കിലെ ബോർഡംഗവുമായ സിയാദ് ആത്മഹത്യ ചെയ്ത സംഭവത്തിലും സക്കീർ ഹുസൈനു പങ്കുണ്ടായിരുന്നു. തന്റെ ആത്മഹത്യക്ക് കാരണം സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ സിയാദ് എഴുതിയിരുന്നു. ആത്മഹത്യാക്കുറിപ്പ് സിയാദിന്റെ സഹോദരൻ തൃക്കാക്കര പൊലീസിന് കൈമാറി.

കളമശേരി സിപിഐഎം ഏരിയാ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് സിയാദ് കുറിപ്പിൽ പറഞ്ഞത്. ലോക്കൽ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റായ കെ.എ ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാർ എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നു.

Share this story