പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായി; ആവശ്യപ്പെടുന്നത് കേന്ദ്രത്തോടെന്നും മുഖ്യമന്ത്രി

പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായി; ആവശ്യപ്പെടുന്നത് കേന്ദ്രത്തോടെന്നും മുഖ്യമന്ത്രി

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ജാഗ്രതയുടെയും മുൻകരുതലിന്റെയും ഭാഗമായിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണ്. സംസ്ഥാനം ആവശ്യപ്പെടുന്നത് കേന്ദ്രസർക്കാരിനോടാണ്. അത് വ്യക്തമാണ്. പരിശോധനക്ക് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

യാത്രക്കാർക്ക് പി സി ആർ ടെസ്റ്റ് നടത്താൻ പ്രയാസമുണ്ടെന്ന അറിവ് കിട്ടിയിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കിൽ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയാൽ മതി. ആന്റി ബോഡി ടെസ്റ്റും നടത്താം. ഇതിന്റെയെല്ലാം ഫലം പെട്ടെന്ന് ലഭിക്കും. പരിശോധനക്ക് കുറഞ്ഞ ചെലവേ വരൂ. ഇവിടെ പരമാവധി ആയിരം രൂപക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെ ചിലയിടങ്ങളിൽ വലിയ തുക ഈടാക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇത് ന്യായീകരിക്കാനാകില്ല

രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരു വിമാനത്തിൽ കൊണ്ടുവരാനാകില്ല. അത് വലിയ അപകടമായി മാറും. ഇതുമായി ബന്ധപ്പെട്ട് പരിശോധന സുഗമമാക്കാൻ എംബസികൾ വഴി ഇടപെടൽ കേന്ദ്രം നടത്തണം. ഇതാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

അത്തരം രാജ്യങ്ങളുമായി കേന്ദ്രം ബന്ധപ്പെടണം. നേരത്തെ ഇറ്റലിയിൽ കുടുങ്ങിയവരെ കൊണ്ടുവരുമ്പോൾ കേന്ദ്രം ഇത് ചെയ്തിരുന്നു. ചാർട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് വിമാനങ്ങളിലും വരുന്നവർക്ക് പരിശോധന കൂടിയേ തീരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story