സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ എത്തിയാൽ മതി; ബാക്കിയുള്ളവർക്ക് വർക്ക് അറ്റ് ഹോം

സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ എത്തിയാൽ മതി; ബാക്കിയുള്ളവർക്ക് വർക്ക് അറ്റ് ഹോം

സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസുകളുടെ നില വെച്ചു കൊണ്ട് ഓഫീസ് മേധാവിക്ക് ഇത് ക്രമീകരിക്കാം.

സർക്കാർ ഓഫീസുകൾ ജനങ്ങൾക്കുള്ളതാണ്. ഇവയുടെ പ്രവർത്തനം നിലച്ചു പോകരുത്. ഒരു ഓഫീസ് പൂർണമായും അടച്ചിടേണ്ട സ്ഥിതി വരരുത്. അതിനാണ് ഇത്തരത്തിൽ ക്രമീകരണം കൊണ്ടുവരുന്നത്. പകുതി ആളുകൾ ഒരാഴ്ച ഓഫീസിലിരുന്നും മറ്റുള്ളവർ വീടുകളിൽ ഇരുന്നും ജോലി ചെയ്യണം. അടുത്ത ആഴ്ച മറ്റുള്ളവർ ഓഫീസിൽ എത്തണം. ഈ സമയത്ത് രോഗം ബാധിച്ചാൽ പോലും ഒരു വിഭാഗത്തെ മാത്രമേ ക്വാറന്റൈനിൽ ആക്കേണ്ടതുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ഓഫീസ് മീറ്റിംഗുകൾ പോലും ഓൺലൈനിലാക്കണം. ഓഫീസ് പ്രവർത്തനങ്ങളുടെ നടപടിക്രമം ചീഫ് സെക്രട്ടറി തന്നെ പരിശോധിച്ച് ഉറപ്പു വരുത്തും. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവർ കുടുംബത്തോടൊപ്പം ആ ഘട്ടത്തിൽ താമസിക്കരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സർക്കാർ ഓഫീസുകളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് കൂട്ടായി സഞ്ചരിക്കുന്നവരെ തടയുരത്. പലരും കൂട്ടായി വാഹനം വാടകക്ക് എടുക്കാറുണ്ട്. ഇത്തരത്തിൽ യാത്ര ചെയ്യുന്നവരെ തടയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story