രോഗവ്യാപനം വർധിച്ചാൽ ആരോഗ്യ സേവനത്തിന് പ്രത്യേക ടീം; വിദ്യാർഥികളെയും സർക്കാർ ജീവനക്കാരെയും ഉൾപ്പെടുത്തും

രോഗവ്യാപനം വർധിച്ചാൽ ആരോഗ്യ സേവനത്തിന് പ്രത്യേക ടീം; വിദ്യാർഥികളെയും സർക്കാർ ജീവനക്കാരെയും ഉൾപ്പെടുത്തും

കൊവിഡ് രോഗവ്യാപനം ഉയർന്നാൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന് പ്രത്യേക ടീമിനെ സജ്ജമാക്കും. സംസ്ഥാന സർവീസിലുള്ള 45 വയസ്സിൽ താഴെയുള്ള ജീവനക്കാരിൽ നിന്ന് പ്രത്യേകമാളുകളെ റിക്രൂട്ട് ചെയ്ത് ആവശ്യമായ പരിശീലനം നൽകും

ആരോഗ്യരംഗത്തെ വിവിധ കോഴ്‌സുകൾ പഠിക്കുന്ന അവസാന വർഷ വിദ്യാർഥികളിൽ താത്പര്യമുള്ളവർ, തൊഴിൽ രഹിതരായ ആരോഗ്യ പ്രവർത്തകർ, വിരമിച്ച ആരോഗ്യരംഗത്തെ പ്രൊഫഷണലുകൾ ഇവരെയെല്ലാം ആരോഗ്യ സേനത്തിനായി സംസ്ഥാന അടിസ്ഥാനത്തിൽ ഒരുക്കും

രോഗവ്യാപനമുണ്ടായാൽ ആവശ്യമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാനാണ് ഇത്തരമൊരു ടീമിനെ മിഷൻ അടിസ്ഥാനത്തിൽ ഒരുക്കുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവർക്ക് പരിശീലനം നൽകും. എൻ സി സി, എൻ എസ് എസ് വളണ്ടിയർമാരെയും ഇതിൽ ഉൾപ്പെടുത്തും. താത്പര്യമുള്ള യുവാക്കൾക്കും സന്നദ്ധ സേനയിലെ വളണ്ടിയർമാർക്കും ഇതിനോടൊപ്പം ചേർന്ന് പരിശീലനം ലഭിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കും

പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകുന്ന എല്ലാവരും അനുമോദനം അർഹിക്കുന്നു. സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർ ഫോഴ്‌സ് എന്നിങ്ങനെ ത്യാഗനിർഭരമായി പ്രവർത്തിച്ച എല്ലാവരെയും സമൂഹം ഒന്നാകെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story