പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ്: രോഗവ്യാപനം തടയാനെന്ന് സർക്കാർ, ഹൈക്കോടതിയിൽ സത്യവാങ്മൂലം

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് വ്യക്തമാക്കി സർക്കാർ. ഇക്കാര്യം അറിയിച്ച് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

സർക്കാർ തീരുമാനത്തിനെതിരെ വിവിധ പ്രവാസി സംഘടനകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. തുടർന്നാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. രോഗവ്യാപനം തടയാനാണ് നടപടിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു

രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആർ ടി പി സി ആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ല. റാപിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നും സർക്കാർ അറിയിച്ചു

പുറത്തു നിന്ന് വന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് അടക്കമാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിൽ കൊവിഡ് ബാധിക്കുന്നവരുടെ ശരാശി 0.22 ശതമാനം മാത്രമാണ്. അതേസമയം പ്രവാസികളിൽ ഇത് 1.22 ശതമാനമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

Share this story