സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളി; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളി; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ച് സംസാരിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണയിൽ നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ ഇനി പറയാനുണ്ടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്

ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്റ് മാറുകയാണ്. സിസ്റ്റർ ലിനിയുടെ പേരു പോലും നേരെചൊവ്വേ പറയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല

കേരളത്തെ കുറിച്ച് ലോകം നല്ലതു പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്ന് പറയുന്നുവെങ്കിൽ എത്രമാത്രം അധപ്പതിച്ച മനസ്സായിരിക്കണം അദ്ദേഹത്തിന്റേത്. നല്ലത് നടക്കുന്നതും പറയുന്നതും അദ്ദേഹത്തെ എന്തുമാത്രം അസഹിഷ്ണുവാക്കുന്നുവെന്നാണ് നോക്കേണ്ടത്. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകരുത് എന്നതിന്റെ മാതൃകയാകാൻ കെ പി സി സി പ്രസിഡന്റ് തുനിറഞ്ഞിറങ്ങിയിരിക്കുകയാണ്.

ശൈലജ ടീച്ചർക്കെതിരായ ആക്രോശം പ്രത്യേക മനോനിലയുടെ ഭാഗമായിട്ടുള്ളതാണ്. അത് സ്ത്രീ വിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങൾ ഇങ്ങനെയൊക്കെയാണോ കാണുന്നത്. അണികളുടെ കയ്യടിയും വാർത്താ പ്രാധാന്യം ലഭിക്കുന്നുവെന്ന് തോന്നുന്നുവെന്ന അവസ്ഥയിൽ കെ പി സി സി പ്രസിഡന്റ് വീണുപോയതിൽ ഖേദമുണ്ട്.

കേവലമൊരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാവിന്റെ തരം താണ വിമർശനം എന്ന നിലയിലല്ല ഇതിനെ കാണുന്നത്. മലയാളിയെന്ന അഭിമാനം പങ്കുവെക്കില്ലെന്ന് മാത്രമല്ല കേരളത്തെ പ്രശംസിക്കുന്നത് ക്ഷോഭിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ആ ക്ഷോഭം കൊണ്ട് പേശികൾക്ക് അൽപ്പം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ല

ലോകത്തിന് മുന്നിൽ മാതൃകയായ കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്റ്. രാഷ്ട്രീയ തിമിരം ബാധിച്ച, യാഥാർഥ്യം കാണാൻ കഴിയാതെ പോയ
ഒരു മനസ്സിന്റെ ജൽപ്പനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താൻ പലവഴിക്ക് ശ്രമിച്ചവർ പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ അധിക്ഷേപിക്കുന്നതിന്റെ രാഷ്ട്രീയ മനശാസ്ത്രം ജനങ്ങൾ പരിശോധിക്കണമെന്ന് മാത്രമേ തനിക്ക് അഭ്യർഥിക്കാനുള്ളു.

മഹാദുരന്തങ്ങൾ വരുമ്പോൾ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് എല്ലാ മനുഷ്യരും ചെയ്യുക. ഈ പൊതുതത്വത്തിന് അപമാനമാണ് കേരളം എന്ന പ്രതീതി ലോക സമൂഹത്തിന് മുന്നിൽ വെളിവാക്കുന്നതാണ് കെപിസിസി പ്രസിഡന്റിന്റെ അധിക്ഷേപം. ഇത് ആ തരത്തിൽ കേരളത്തിന് അപമാനകരമാകുകയാണ്. ലോകസമൂഹത്തിിൽ കേരളത്തെ അപകീർത്തിപ്പെടുത്തലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story