ബിജെപിക്കും യുഡിഎഫിനും രാഷ്ട്രീയ നേട്ടമുണ്ടാക്കണമെന്ന ദുഷ്ടലാക്ക്; മന്ത്രി എം എം മണി

ബിജെപിക്കും യുഡിഎഫിനും രാഷ്ട്രീയ നേട്ടമുണ്ടാക്കണമെന്ന ദുഷ്ടലാക്ക്; മന്ത്രി എം എം മണി

രോഗവ്യാപനം ഒഴിവാക്കി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് കേരളത്തിലേക്കുള്ള യാത്രക്ക് മുമ്പ് പ്രവാസികൾ കൊവിഡ് പരിശോധന നടത്തണമെന്ന സമീപനം സ്വീകരിച്ചതെന്ന് മന്ത്രി എം എം മണി. എന്നാൽ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും എതിർക്കുകയെന്ന അജണ്ടയുമായി അവസരത്തിനൊത്ത് നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രിയും ബിജെപി, യുഡിഎഫ് നേതാക്കളും പതിവുപോലെ ഇക്കാര്യത്തിലും സർക്കാരിനെതിരെ വന്നു. എങ്ങനെയും രോഗവ്യാപനം വർധിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കണമെന്ന ദുഷ്ടലാക്കാണ് ഇവർക്കെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

വിദേശത്തു നിന്ന് നാട്ടിലേക്ക് വരാൻ താല്പര്യപ്പെടുന്ന നമ്മുടെ എല്ലാ സഹോദരങ്ങളെയും,
കോവിഡ് ബാധിതർ ഉണ്ടെങ്കിൽ അവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുകയും രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് കേരള സർക്കാരിന്റെ സമീപനം.
വിമാനത്തിൽ ഒരു കോവിഡ് ബാധിതൻ ഉണ്ടെങ്കിൽത്തന്നെ മറ്റു യാത്രക്കാരിലേക്കും കൂടി രോഗവ്യാപനം ഉണ്ടാകും എന്ന വസ്തുത എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരത്തിൽ സംഭവിക്കാവുന്ന രോഗവ്യാപനം ഒഴിവാക്കി എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് യാത്രക്ക് മുമ്പ് കോവിഡ് പരിശോധന നടത്തി രോഗം ഉള്ളവരെയും ഇല്ലാത്തവരെയും പ്രത്യേകം വിമാനങ്ങളിൽ കൊണ്ടുവരണമെന്ന സമീപനം സർക്കാർ സ്വീകരിച്ചത്.

എന്നാൽ, സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും എതിർക്കുക എന്ന അജണ്ടയുമായി അവസരത്തിനൊത്ത് നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രിയും, ബിജെപി, യുഡിഎഫ് നേതാക്കന്മാരും പതിവുപോലെ ഇക്കാര്യത്തിലും അവർ നേരത്ത സ്വീകരിച്ചിരുന്ന നിലപാടിൽ മാറ്റം വരുത്തി സർക്കാരിനെതിരെ വിമർശനവുമായി വന്നു. കോവിഡ് ബാധിതരെയും അല്ലാത്തവരെയും വിമാനത്തിൽ ഒരുമിച്ചിരുത്തിത്തന്നെ കൊണ്ടുവരണം എന്നാണ് ഇവർ അവശ്യപ്പെടുന്നത്. ഇങ്ങനെ കൊണ്ടുവന്നാൽ ഉണ്ടാകാവുന്ന രോഗവ്യാപനത്തിന്റെ അപകടം
ജനങ്ങളുടെ സുരക്ഷയും നന്മയും ആഗ്രഹിക്കുന്ന എല്ലാവർക്കും മനസ്സിലാകും. അതിനാൽത്തന്നെ സർക്കാർ നിലപാട് അംഗീകരിക്കുകയും ചെയ്യും.

മറിച്ച്, കേരളത്തിലേക്ക് വരുന്ന എല്ലാവർക്കും വിമാനത്തിനുള്ളിൽ നിന്ന് കോവിഡ് ബാധിച്ചാലും കുഴപ്പമില്ല, എങ്ങനെയും രോഗവ്യാപനം വർദ്ധിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന ദുഷ്ടലാക്കുമായി നടക്കുന്ന ബിജെപി, യുഡിഎഫ് നേതാക്കൾക്ക് ഇതൊന്നും മനസ്സിലാകില്ലെന്നു മാത്രമല്ല അവർ കുത്തിത്തിരിപ്പും നിലപാട് മാറ്റവും തുടർന്നുകൊണ്ടേയിരിക്കും.

Share this story