ജുനൈദ് കൈപ്പാണിയുടെ ‘രാപ്പാർത്ത നഗരങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

ജുനൈദ് കൈപ്പാണിയുടെ ‘രാപ്പാർത്ത നഗരങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ: ജുനൈദ് കൈപ്പാണിയുടെ ‘രാപ്പാർത്ത നഗരങ്ങൾ’ എന്ന യാത്രാവിവരണ പുസ്തകം നടൻ അബു സലീമിന് നൽകി ഉഷ വീരേന്ദ്രകുമാർ പ്രകാശനം ചെയ്തു. അന്തരിച്ച എഴുത്തുകാരൻ എം പി വീരേന്ദ്രകുമാറിന്റെ പുളിയാർമലയിലെ വീട്ടിലെ വൻപുസ്തക ശേഖര ലോകമായ ഗ്രന്ഥപ്പുരയിൽ വെച്ചായിരുന്നു പ്രകാശന ചടങ്ങ്. കവിത ശ്രേയാംസ് കുമാർ അടക്കമുള്ള എം. പി. വി. കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.

യാത്രകളെ കേവലസഞ്ചാരത്തിന്റെ ഭൗതിക സാങ്കേതികത്വത്തിൽ നിന്ന് അനുഭൂതിയുടെയും അന്വേഷണങ്ങളുടെയും ആഴത്തിലുള്ള പര്യവേക്ഷണങ്ങളിലേക്ക് പരിവർത്തിക്കുവാൻ നടത്തുന്ന ശ്രമമാണ് ഈ പുസ്തകം നിർവഹിക്കുന്നത്. അർത്ഥപൂർണ്ണവും സർഗാത്മകവുമായ യാത്രകളുടെ ഓർമ്മക്കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മനോഹര യാത്രകളുടെ സുന്ദരമായ വീണ്ടെടുക്കലുകളാണു രാപ്പാർത്ത നഗരങ്ങളിലെ ഓരോ വരികളും.

ചരിത്രം വേരാഴ്ത്തിനിൽക്കുന്ന മഹാനഗരികളും ഇന്ത്യയുടെ ആത്മസ്പന്ദനങ്ങൾ ശ്രവിക്കാവുന്ന ഗ്രാമാവലികളും ഈ യാത്രാവിവരണങ്ങളിൽ മുഖം കാട്ടുന്നുണ്ട്. പുസ്തകം പ്രധാന ഷോറൂമുകളിൽ ലഭ്യമാണ്. നേരിട്ട് വാങ്ങാൻ പറ്റാത്തവർക്കു തപാലിൽ ലഭിക്കുവാനും പ്രസാധകർ സൗകര്യമൊരുക്കിയിട്ടുണ്ട്.

Share this story