കെ സുരേന്ദ്രൻ മരിച്ചത് ചില കോൺഗ്രസുകാരുടെ സൈബർ ആക്രമണത്തെ തുടർന്ന്: ഗുരുതര ആരോപണവുമായി കെപിസിസി അംഗം

കെ സുരേന്ദ്രൻ മരിച്ചത് ചില കോൺഗ്രസുകാരുടെ സൈബർ ആക്രമണത്തെ തുടർന്ന്: ഗുരുതര ആരോപണവുമായി കെപിസിസി അംഗം

കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രൻ മരിച്ചത് ചില കോൺഗ്രസുകാരുടെ സൈബർ ആക്രമണത്തിൽ മനം നൊന്തെന്ന് കെപിസിസി നിർവാഹക സമിതി അംഗം കെ പ്രമോദ് . കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ ദുഷ്പ്രചാരണങ്ങളിൽ മനംനൊന്ത് ഹൃദയം പൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്ന് പ്രമോദി പറയുന്നു. സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്തവർക്കെതിരെ പാർട്ടി നടപടിയെടുക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു

കുറിപ്പിന്റെ പൂർണരൂപം

#സുരേന്ദ്രേട്ടന്‍ #ഹൃദയം #പൊട്ടി #മരിച്ചതാണ്… #കൊന്നതാണ്…

ധനലക്ഷ്മി ആശുപത്രിയിലെ ഫ്രീസറില്‍ മരവിച്ചു കിടക്കുകയാണ് ഇന്നലെ വെകുന്നേരം വരെ നമ്മളോടൊപ്പമുണ്ടായിരുന്ന സുരേന്ദ്രേട്ടന്‍. സുരേന്ദ്രേട്ടന്‍്റെ മരണം പെട്ടെന്നായിരുന്നു. ഏതെങ്കിലും കാര്യമായ രീതിയിലുള്ള അസുഖങ്ങള്‍ കൃത്യമായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്ന സുരേന്ദ്രേട്ടന് ഉണ്ടായിരുന്നില്ല എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ഒരാളെന്ന നിലയ്ക്ക് ഞാന്‍ ഒരു കാര്യം പറയുന്നു. സുരേന്ദ്രേട്ടന്‍ ഹൃദയം പൊട്ടിയാണ് മരിച്ചത്. ആ മനസിനെ അത്രമേല്‍ ഉലച്ച ഒരു സംഭവം ഞായറാഴ്ച ഉണ്ടായിരുന്നു.
ഇപ്പോഴിത് പറഞ്ഞില്ലെങ്കില്‍ സുരേന്ദ്രേട്ടനെന്ന നിസ്വാര്‍ത്ഥനായ കോണ്‍ഗ്രസ് നേതാവിനോടുള്ള വലിയ തെറ്റായിരിക്കും.
ആ മനസിനെ വല്ലാതെ ഉലച്ച സംഭവത്തെ നിസാരമായി കാണാന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാധിക്കില്ല.
Deevesh chenoli എന്ന സൈബര്‍ ഗുണ്ട കഴിഞ്ഞ രണ്ടു ദിവസമായി കെ.സുരേന്ദ്രനെന്ന നേതാവിനെ മാനസികമായി തകര്‍ക്കാനും അവഹേളിക്കാനും ശ്രമിച്ചതിന്‍്റെ തെളിവുകള്‍ കൂടി ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നുണ്ട്. വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്ബുന്ന ഒരു സൈബര്‍ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നില്‍ പാര്‍ട്ടിയില്‍ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളര്‍ത്തി. കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച്‌ നടക്കുന്നു എന്നൊക്കെ ഒരു സൈബര്‍ ക്രിമിനലിനെ ഉപയോഗിച്ച്‌ വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. കണ്ണൂര്‍ മേയര്‍ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയില്‍ ആ പാവം മനുഷ്യനെ തകര്‍ക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ കൊടുത്തവന്‍ , അവനോടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് ഞാനടക്കമുള്ള പ്രവര്‍ത്തകര്‍ക്കില്ല എന്ന് ആദ്യമേ പറയട്ടെ.
തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബര്‍ അക്രമണം നടന്നത്. അത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി. ഇന്നലെ സുരേന്ദ്രേട്ടന്‍ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്ബെങ്കിലും ഇതു പറഞ്ഞില്ലെങ്കില്‍ എന്താത്മാര്‍ത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത് ..
അനുശോചനങ്ങള്‍ അറിയിക്കുന്ന നേതാക്കന്മാരോട് ..
പാര്‍ട്ടി പ്രവര്‍ത്തകനെന്ന ലേബലില്‍ സുരേന്ദ്രേട്ടനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടിയാണ് ആദ്യം വേണ്ടത്. കെപിസിസിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം.
യൂത്ത് കോണ്‍ഗ്രസും ഐ എന്‍ ടി യു സി യുമൊക്കെ ഇത് ഗൗരവത്തോടെ കാണണം.
നമ്മുടെ സുരേന്ദ്രേട്ടനെ കൊന്നവര്‍, അതിന് ഗൂഢാലോചന നടത്തിയവര്‍.. അവരെ ഇനിയും തോളിലേറ്റി നടക്കാനാണ് ഭാവമെങ്കില്‍ അതൊന്നും പൊറുക്കാന്‍ സുരേന്ദ്രേട്ടനെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ തയ്യാറാകില്ല..
സുരേന്ദ്രേട്ടന് നീതി വേണം .. കൊലക്കുറ്റത്തിനു തന്നെ ഈ സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ കേസെടുപ്പിക്കണം.. ഇനിയൊരു മനുഷ്യനും ഈ ഗതിയുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ
കെ. പ്രമോദ്

Share this story