വന്യമൃഗശല്യം; കാർഷിക പുരോഗമന സമിതി ഉപവാസം 25ന്

വന്യമൃഗശല്യം; കാർഷിക പുരോഗമന സമിതി ഉപവാസം 25ന്

സുൽത്താൻ ബത്തേരി: ജില്ലയിലെ വന്യമൃഗശല്യത്തിന്നെതിരെ ശക്തമായ പ്രതിഷേധസമരവുമായി കാർഷിക പുരോഗമന സമതി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒന്നാംഘട്ടമെന്ന നിലയിൽ ഈ മാസം 25ന് കാർഷിക പുരോഗമന സമിതി സുൽത്താൻബത്തേരിയിൽ ഏകദിന ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ ബത്തേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വന്യമൃഗങ്ങളിൽ നിന്നും കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് സമരം.

കഴിഞ്ഞ 10വർഷമായി ജില്ലയിൽ മുമ്പെങ്ങുമില്ലാത്തവിധമാണ് ജില്ലയിൽ വന്യമൃഗം ശല്യം വർദ്ധിച്ചിരിക്കുന്നത്. ഇതിനോടകം 46 പേരുടെ ജീവനും വന്യമൃഗാക്രമണത്തിൽ നഷ്ടമായി. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഇതിനൊരു പരിഹാരം കാണാൻ നടപടികളൊന്നും ഇല്ലാത്ത സാഹചര്യത്തിലുമാണ് ശക്തമായ പ്രതിഷേധവുമായി കർഷക സംഘടന തയ്യാറെടുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പുൽപ്പള്ളിയിലെ നരഭോജി കടുവയെ എത്രയും പെട്ടന്ന് പിടിക്കുക, കാടും നാടും വേർതിരിക്കാനുള്ള ശാസ്ത്രീയ മാർഗം അവലംബിക്കുക, കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കർഷകനെ കള്ളക്കേസിൽ കുടുക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ പ്രധാന മുദ്രാവാക്യങ്ങൾ. 25ന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ഉപവാസ സമരത്തിനുശേഷം രണ്ടാം ഘട്ടത്തിൽ സംഘടന സെക്രട്ടേറിയേറ്റിനുമുന്നിലും ഉപവാസം നടത്തും.

കൊവിഡ് 19 പ്രതിസന്ധി നീങ്ങിയാൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടക്കുന്ന സമരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങളെയും സമരത്തിൽ പങ്കാളാക്കാനുമാണ് സമിതിയുടെ ആലോചന. ജില്ലയിലെ വനംവകുപ്പ് ഓഫീസുകൾക്കുമുന്നിൽ കുടിൽകെട്ടിയുള്ള സമരവും ആരംഭിക്കാനും സംഘടന ആലോചിക്കുന്നുണ്ട്. 25 ന് രാവിലെ 9.30ന് സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിൽ ആരംഭി്ക്കുന്ന ഉപവാസസമരം ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് ഡോ. റെമിജിയോസ് ഇഞ്ചനാനിയൽ ഉദ്ഘാടനം ചെയ്യും. സമരത്തിൽ മത- സാമൂഹിക-കർഷക നേതാക്കൾ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി. എം ജോയി, ജില്ലാ ചെയർമാൻ ഡോ. പി ലക്ഷ്മണൻ, ജില്ലാ കൺവീനർമാരായ ഗഫൂർ വെണ്ണിയോട്, ടി. പി ശശി തുടങ്ങിയവർ സംബന്ധിച്ചു.

Share this story