പെരുവള്ളൂരിൽ വൈദ്യുതി മോഷണം പിടികൂടി; അഞ്ച് ലക്ഷത്തി എൺപത്തി ഒന്നായിരം രൂപ പിഴയിട്ടു

പെരുവള്ളൂരിൽ വൈദ്യുതി മോഷണം പിടികൂടി; അഞ്ച് ലക്ഷത്തി എൺപത്തി ഒന്നായിരം രൂപ പിഴയിട്ടു

പെരുവള്ളൂർ : കെ എസ് ഇ ബി ചേളാരി സെക്ഷന് കീഴിൽ പെരുവള്ളൂർ പഞ്ചായത്തിൽ മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയ പെരുവള്ളൂർ കാടപ്പടി സ്വദേശി ചൊക്ലി അബ്ദുൽ മജീദിന് അഞ്ച് ലക്ഷത്തി എൺപത്തി ഒന്നായിരം രൂപ പിഴ.

24 മണിക്കൂറിനുള്ളിൽ പിഴ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയാണ് കെ എസ് ഇ ബി വീട്ടിലെ വൈദ്യുതി ബന്ധം പൂർണമായും വിഛേദിച്ചത്.

നിശ്ചിത സമയത്തിനകം പിഴയടച്ചില്ലെങ്കിൽ പിഴതുക വസൂലാക്കുന്നതിനാവശ്യമായ തുടർ നടപടികൾ കൈകൊള്ളുമെന്ന് വൈദ്യുതി വിഭാഗം അറിയിച്ചു. നാല് വർഷം മുൻപും ഇത്തരത്തിൽ വൈദ്യുതി മോഷണം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നതായാണ് വിവരം.

ഒന്നിലധികം എ സിയുൾപ്പെടെ നിരവധി പവ്വർ വൈദ്യുതി ഉപകരണങ്ങൾ വീട്ടിൽ ഉണ്ടായിട്ടും കുറഞ്ഞ വൈദ്യുതി ഉപയോഗം മാത്രം ശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് മീറ്റർ റീഡിംഗ് എടുക്കാനെത്തിയ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നു.

തുടർന്ന് വൈദ്യുതി വകുപ്പിന്റെ അന്വേഷണ വിഭാഗം സ്ഥലം പരിശോധിച്ച് മോഷണം നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. വൈദ്യുതിക്കാലിൽ നിന്നും മീറ്ററിലേക്കുള്ള വയറിൽ നിന്നും മറ്റൊരു വയറിലൂടെ വിടിനുള്ളിൽ പ്രത്യേകം സ്ഥാപിച്ച സ്വിച്ച് ബോർഡിലേക്ക് വൈദ്യതി എത്തിച്ചാണ് എ സി ഉൾപ്പെടെയുള്ള പവ്വർ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിച്ചിരുന്നതെന്നാണ് അന്വേഷണ വിഭാഗത്തിൽ നിന്നും ലഭിച്ച വിവരം.

കെ എസ് ഇ ബി ജില്ലാ എക്സിക്യുട്ടീവ് എഞ്ചിനീയർ, ചേളാരി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ, സബ് എഞ്ചിനീയർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പിഴയിട്ടത്.

Share this story