അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും

അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും

അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ചേവായൂർ മുൻ സബ് രജിസ്ട്രാർ കൊയിലാണ്ടി സ്വദേശി പി കെ ബീനക്ക് ഏഴ് വർഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. കോഴിക്കോട് വിജിലൻസ് കോടതി പ്രത്യേക ജഡ്ജി കെ വി ജയകുമാറിന്റേതാണ് അപൂർവ വിധി.

കൈക്കൂലി കേസിൽ ഒരാൾക്ക് അടുത്തിടെ ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. 2014 ഫെബ്രുവരി 22നാണ് പി കെ ബീന പിടിയിലാകുന്നത്. ആധാരം എഴുത്തുകാരനായ പി ഭാസ്‌കരനോട് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ 5000 രൂപ ഇവർ ആവശ്യപ്പെടുകയായിരുന്നു.

ഭാസ്‌കരൻ വിജിലൻസിൽ പരാതിപ്പെടുകയും വിജിലൻസിന്റെ നിർദേശപ്രകാരം പണം ബീനക്ക് നൽകുകയും ഓഫീസിനുള്ളിൽ വെച്ച് തന്നെ വിജിലൻസ് പിടികൂടുകയുമായിരുന്നു. കോടതിയിൽ പി കെ ബീന വിധി കേട്ട് തല കറങ്ങി വീണു. തനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ ശിക്ഷാ ഇളവ് നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു.

എന്നാൽ ഇതൊന്നും വിധിയെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും ഇവർക്കെതിരെ മറ്റൊരു കേസ് കൂടിയുണ്ട്.

Share this story