പി ജെ ജോസഫ് മാണിയുടെ വീടും പാർട്ടിയും ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു; യുഡിഎഫ് മാണിയുമായുള്ള ഹൃദയബന്ധം മുറിച്ചുമാറ്റി

പി ജെ ജോസഫ് മാണിയുടെ വീടും പാർട്ടിയും ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു; യുഡിഎഫ് മാണിയുമായുള്ള ഹൃദയബന്ധം മുറിച്ചുമാറ്റി

മാണിയുടെ മരണശേഷം പി ജെ ജോസഫ് തന്റെ വീടും പാർട്ടിയും ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതായി ജോസ് കെ മാണി. യുഡിഎഫിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കോട്ടയത്ത് ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി

ഒരു തദ്ദേശ പദവിക്ക് വേണ്ടി മാത്രം മാണി സാറുമായുള്ള ഹൃദയബന്ധം യുഡിഎഫ് മുറിച്ചുമാറ്റി. ഒരു മുന്നണി രൂപീകരിക്കാനും അതിന് മുഖം നൽകിയിട്ടുള്ളവരെയുമാണ് പുറത്താക്കിയിട്ടുള്ളത്. യുഡിഎഫിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചതല്ല

പി ജെ ജോസഫിന് കെ എം മാണി രാഷ്ട്രീയ അഭയം നൽകി. മാണി സാറിന്റെ മരണത്തിന് ശേഷം പാർട്ടിയെ പലതവണ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ഇത്തരമൊരു നീക്കം പിജെ ജോസഫ് നടത്തിയപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിച്ചതാണോ തന്റെ തെറ്റെന്നും ജോസ് കെ മാണി ചോദിച്ചു

മാണി സാറിന്റെ വീട് മ്യൂസിയമാക്കാൻ വിട്ടുകൊടുക്കണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടു. ലോക്‌സഭയും നിയമസഭയും ജില്ലാ പഞ്ചായത്തും വീടും പാർട്ടിയും ഓഫീസും ഹൈജാക്ക് ചെയ്യാനുള്ള ആവശ്യം അംഗീകരിക്കാതെ വന്നപ്പോൾ ഞാൻ ധിക്കാരിയും അഹങ്കാരിയുമായി.

കേരളാ കോൺഗ്രസ് പിറന്നത് മുതൽ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാനും തകർക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. അതിനെയൊക്കെ മറികടന്ന ചരിത്രമാണ് പാർട്ടിക്കുള്ളത്. ഭാവി തീരുമാനങ്ങൾ എടുക്കാൻ പാർട്ടി താനടക്കമുള്ള നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ചർച്ചകൾക്ക് ശേഷം ഭാവി തീരുമാനങ്ങൾ അറിയിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

Share this story