എസ് എസ് എൽ സി പരീക്ഷാ ഫലം: 98.82 ശതമാനം വിജയം; കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് 100 ശതമാനം വിജയം

എസ് എസ് എൽ സി പരീക്ഷാ ഫലം: 98.82 ശതമാനം വിജയം; കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് 100 ശതമാനം വിജയം

എസ് എസ് എൽ സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. റഗുലർ പരീക്ഷയിൽ 98.82 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.71 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. എല്ലാ വിഷയത്തിലും 41906 പേർ എ പ്ലസ് കരസ്ഥമാക്കി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 4572 പേർ കൂടുതലാണ്.

എസ് എസ് എൽ സി പ്രൈവറ്റ് വിഭാഗത്തിൽ 1170 പേരാണ് പരീക്ഷ എഴുതിയത്. 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.61 ശതമാനമാണ് വിജയം.

വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ടയാണ്. 99.71 ശതമാനമാണ് വിജയം. വിജയശതമാനം കുറവുള്ള റവന്യു ജില്ല വയനാട്. 95.04 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാട്. 100 ശതമാനമാണ് വിജയം. വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട്. 95.04 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്.

നിരവധി ആശങ്കകൾക്കിടയിലാണ് പരീക്ഷ സംഘടിപ്പിച്ചതെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു. സർക്കാരിന്റെ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും അധ്യാപക, രക്ഷകർത്താക്കളും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അക്ഷരാർഥത്തിൽ സർക്കാരിന് ഒപ്പം നിന്നു. പരീക്ഷയിൽ കുട്ടികളുടെ മനസ്സിനൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു

Share this story