വീണ്ടും ട്വിസ്റ്റ്: ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

വീണ്ടും ട്വിസ്റ്റ്: ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ പ്രഖ്യാപനം വിഴുങ്ങി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇത് മാറ്റിപ്പറയുകയും ചെയ്തു. ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന്(ജുലൈ 1) പറഞ്ഞത്.

യുഡിഎഫ് യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ചെയ്തത്. ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണവും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അഭിഭാജ്യ ഘടകമാണ്. യോജിക്കാത്ത നില വന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് രണ്ട് പാര്‍ട്ടിയായി പരിഗണിച്ച് മുന്നോട്ടുപോയി. കോട്ടയം ജില്ലാ പഞ്ചായത്ത് ജോസഫ് വിഭാഗത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതാണ്. രാജിവെക്കേണ്ട എട്ടാമത്തെ മാസം വന്നപ്പോള്‍ ജോസ് വിഭാഗം രാജിവെച്ചില്ല. കൊവിഡ് സാഹചര്യത്തിലും രാജി നീണ്ടുപോയി

പിജെ ജോസഫ് ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫിനെ സമീപിച്ചു. കഴിഞ്ഞ നാല് മാസമായി പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. എന്നിട്ടും രാജിവെക്കാത്ത സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തില്‍ ജോസ് വിഭാഗത്തെ പങ്കെടുപ്പിക്കേണ്ടെന്ന നിലപാട് എടുത്തത്. യുഡിഎഫ് നേതൃത്വം ആരെയും പുറത്താക്കിയിട്ടില്ല. രാജി വെച്ചാല്‍ അവര്‍ക്ക് മടങ്ങി വരാമെന്നും ചെന്നിത്തല പറഞ്ഞു

Share this story