ചില സംഭവങ്ങള്‍ മനുഷ്യത്വം എവിടെയെന്ന് ഓര്‍മിപ്പിക്കുന്നു; വിദേശത്ത് നിന്നുവരുന്നവരെ ആട്ടിയോടിക്കുന്നത് മനുഷ്യര്‍ക്ക് ചേര്‍ന്ന നടപടിയല്ലെന്ന് മുഖ്യമന്ത്രി

ചില സംഭവങ്ങള്‍ മനുഷ്യത്വം എവിടെയെന്ന് ഓര്‍മിപ്പിക്കുന്നു; വിദേശത്ത് നിന്നുവരുന്നവരെ ആട്ടിയോടിക്കുന്നത് മനുഷ്യര്‍ക്ക് ചേര്‍ന്ന നടപടിയല്ലെന്ന് മുഖ്യമന്ത്രി

കൊവിഡിനെതിരെ എല്ലാവരും ഒരുമിച്ച് പോരാടുകയാണ്. അതിന്റെ ഫലമായാണ് ലോകത്തിന് തന്നെ മാതൃകയാകുന്ന വിധം ഇതുവരെ നമുക്ക് മഹാമാരിയെ പിടിച്ചു നിര്‍ത്താനായത്. എന്നാല്‍ യശസ്സിന് കളങ്കം വരുന്ന ചില വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അന്യദേശങ്ങളില്‍ നിന്ന് കേരളത്തിലെത്തിയവരില്‍ ചിലര്‍ക്ക് ദുരനുഭവങ്ങളുണ്ടായി. ക്വാറന്റൈനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായി.

കോട്ടയത്ത് വിഷമകരായ അനുഭവമുണ്ടായി. ബംഗളൂരുവില്‍ നിന്നെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറുകളോളം കഴിയേണ്ടി വന്നു. ഒടുവില്‍ അവര്‍ കലക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങള്‍ മനുഷ്യത്വം എവിടെയെന്ന് നമ്മളെ ഓര്‍മിപ്പിക്കുകയാണ്.

സാധാരണ നിലക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാല്‍ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിര്‍ത്തരുത്. അവരെ ശാരീരിക അകലം പാലിച്ച് നല്ല രീതിയില്‍ സംരക്ഷിക്കണം. റൂം ക്വാറന്റൈനാണ് അവര്‍ക്ക് നിര്‍ദേശിച്ചത്. ഒരേ വീട്ടില്‍ അങ്ങനെ നിരവധി പേര്‍ കഴിയുകയല്ലേ. ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങള്‍ സമൂഹത്തിന്റെ പൊതുനിലക്ക് അപകീര്‍ത്തികരമാണ്

വിദേശങ്ങളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് നാടിന്റെ ഉത്തരവാദിത്വം. അതിനുപകരം അവരെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story