ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ നഴ്‌സിനെയും മക്കളെയും ഭര്‍തൃവീട്ടിലും സ്വന്തം വീട്ടിലും പ്രവേശിപ്പിച്ചില്ല; ശരണകേന്ദ്രത്തില്‍ അഭയം തേടി

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ നഴ്‌സിനെയും മക്കളെയും ഭര്‍തൃവീട്ടിലും സ്വന്തം വീട്ടിലും പ്രവേശിപ്പിച്ചില്ല; ശരണകേന്ദ്രത്തില്‍ അഭയം തേടി

ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ നഴ്‌സിനെയും മക്കളെയും വീട്ടില്‍ കയറ്റാതെ സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും. ഇതോടെ യുവതി അഭയകേന്ദ്രത്തില്‍ പ്രവേശിച്ചു. കോട്ടയം കുറുവിലങ്ങാട് സ്വദേശിനിക്കും മക്കള്‍ക്കുമാണ് ഈ ദുരനുഭവം.

ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയതാണ് യുവതിയും കുട്ടികളും. 14 ദിവസം ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ യുവതിയും മക്കളും താമസിക്കാനിടമില്ലാതെ മണിക്കൂറുകളോളം അലഞ്ഞു. ഒടുവില്‍ കലക്ടറേറ്റിലും സഹായം അഭ്യര്‍ഥിച്ച് എത്തി. പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇവര്‍ക്ക് അഭയകേന്ദ്രത്തില്‍ ഇടം ലഭിച്ചത്.

വ്യാഴാഴ്ച രാവിലെ ഭര്‍ത്താവ് എത്തി ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും വിളിച്ചു കൊണ്ടുവന്നു. കുറുമല്ലൂര്‍ വേദഗിരിയിലുള്ള വീട്ടില്‍ കൊണ്ടുപോകുന്നതിന് പകരം യുവതിയുടെ വീടായ കുറുവിലങ്ങാട് നസ്രത് ഹില്ലിലേക്കാണ് ഇയാള്‍ ഇവരെ കൊണ്ടുപോയത്.

വീടിന് സമീപം ഇവരെ നിര്‍ത്തി ഭര്‍ത്താവ് മടങ്ങുകയും ചെയ്തു. എന്നാല്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ബംഗളൂരുവിലുള്ള സഹോദരനെ വിൡച്ചപ്പോള്‍ വീട്ടിലേക്ക് കയറി പോകരുതെന്നായിരുന്നു ശാസന. അമ്മയ്ക്ക് ശ്വാസകോശ രോഗമുള്ളതിനാലാണ് വീട്ടില്‍ കയറ്റാത്തതെന്ന് ബന്ധു പറയുന്നു.

തുടര്‍ന്ന് യുവതി സ്വാന്തനം ഡയറക്ടര്‍ ആനി ബാബുവിനെ വിളിച്ചു. ഇവരുടെ നിര്‍ദേശപ്രകാരമാണ് കലക്ടറേറ്റില്‍ എത്തിയത്. മഹിളാ മന്ദിരത്തില്‍ കുട്ടികളുമായി താമസിപ്പിക്കില്ലെന്ന് വിവരം ലഭിച്ചതോടെ കലക്ടര്‍ സാമൂഹ്യ നീതി വകുപ്പിനെ ബന്ധപ്പെട്ടു. എന്നാല്‍ പോലീസിനെ വിളിക്കാനായിരുന്നു ഇവരുടെ നിര്‍ദേശം

തുടര്‍ന്നാണ് ആനി ബാബുവിന്റെ ഇടപെടലില്‍ കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രം യുവതിയെയും മക്കളെയും താമസിപ്പിക്കാമെന്ന് അറിയിച്ചത്.

Share this story