ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ഡോക്ടര്‍ക്കെതിരെ കേസ്

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. എസ് എം സി ക്ലിനിക്ക് നടത്തുന്ന പ്രശാന്ത് നായിക്ക് എന്ന ഡോക്ടര്‍ക്കെതിരെയാണ് പരാതി

ഡോക്ടര്‍ ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഡോക്ടര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റ് ഉടനുണ്ടാകും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്.

11 മണിക്ക് എത്തിയ യുവതിയെ ആദ്യം ചെവിയില്‍ മരുന്ന് ഒഴിച്ച ശേഷം കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധനക്കായി വീണ്ടും കയറ്റിയത്. അറ്റന്‍ഡറായ സ്ത്രീ മറ്റൊരു മുറിയിലേക്ക് പോയപ്പോഴാണ് ഡോക്ടര്‍ കടന്നു പിടിച്ചതെന്ന് യുവതി പറയുന്നു.

എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രശാന്ത് നായിക് പറയുന്നു. യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് പരാതി നല്‍കുമെന്നും ഇയാള്‍ പറഞ്ഞു. 13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയതാണ് പ്രശാന്ത് നായിക്. പയ്യാവൂര്‍, ചുണ്ടപ്പറമ്പ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

പയ്യാവൂരില്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത് അടക്കം കണ്ണൂരില്‍ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കേസുണ്ട്.

Share this story