തീരുമാനം വൈകരുതെന്ന് സിപിഎം; എല്‍ ഡി എഫ് പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജോസ് പക്ഷ യോഗം എട്ടിന്

തീരുമാനം വൈകരുതെന്ന് സിപിഎം; എല്‍ ഡി എഫ് പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജോസ് പക്ഷ യോഗം എട്ടിന്

എല്‍ ഡി എഫ് പ്രവേശനത്തിനുള്ള അനുകൂല സൂചന സിപിഎം നല്‍കിയതോടെ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നീക്കങ്ങളാരംഭിച്ചു. സിപിഎമ്മിന്റെ ക്ഷണം ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം ജൂലൈ എട്ടിന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

മുന്നണി പ്രവേശന തീരുമാനം വൈകരുതെന്ന നിര്‍ദേശമാണ് സിപിഎം നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ത്തത്. എല്‍ ഡി എഫിലേക്ക് പോകുന്നതും സിപിഎം നിലപാടും ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗമെന്ന് ജോസ് വിഭാഗം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയാല്‍ അക്കാര്യം ചര്‍ച്ച ചെയ്യാമന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഉടന്‍ തീരുമാനം വേണമെന്ന് സിപിഎം ഇവരെ അറിയിച്ചത്.

യുഡിഎഫില്‍ തന്നെ തുടരണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള ഒരു പക്ഷം ജോസ് വിഭാഗത്തിനൊപ്പമുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ കൂടിയാണ് എട്ടാം തീയതി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

പാര്‍ട്ടി ചിഹ്നമായ രണ്ടില ഏത് വിഭാഗത്തിന്റേത്, ഔദ്യോഗിക പാര്‍ട്ടി ഏത് വിഭാഗത്തിന്റേത് എന്ന വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ചൊവ്വാഴ്ച വരാനിരിക്കുകയാണ്. ഇത് അനുകൂലമായാലും പ്രതികൂലമായാലും എങ്ങനെ നേരിടണമെന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

Share this story