കണ്ടെയ്‌മെന്റ് സോണില്‍ നടന്ന അമ്മയുടെ യോഗം നിര്‍ത്തിവച്ചു; പുതിയ സിനിമകള്‍ ആരംഭിച്ചാല്‍ മാത്രം പ്രതിഫലം കുറയ്ക്കാം

കണ്ടെയ്‌മെന്റ് സോണില്‍ നടന്ന അമ്മയുടെ യോഗം നിര്‍ത്തിവച്ചു; പുതിയ സിനിമകള്‍ ആരംഭിച്ചാല്‍ മാത്രം പ്രതിഫലം കുറയ്ക്കാം

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന വിഷയത്തില്‍ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാനുള്ള തീരുമാനം അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.

അതേസമയം ചരക്കപ്പറമ്പ് കണ്ടെന്‍മെന്റ് സോണിലായതിനാല്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന അമ്മ നിര്‍വാഹകസമിതിയുടെ യോഗം നിര്‍ത്തിവച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഹോട്ടല്‍ അടപ്പിച്ചു. കോവിഡ് ലോക്ഡൗണിനിടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അതിനാലാണ് നിര്‍വാഹക സമിതിയോഗം സംഘടിപ്പിച്ചത്. നിലവില്‍ പുതിയ സിനിമകള്‍ ഷൂട്ടിംഗ് ആരംഭിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടിനോട് അമ്മയ്ക്ക് വിയോജിപ്പാണ്.

കോവിഡ് പശ്ചാത്തലത്തില്‍ നൂറ് ദിവസത്തിലേറെയായി സിനിമ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ അഭിനേതാക്കളുടെ തൊഴില്‍ മുടങ്ങുന്നത് തുടരാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. പുതിയ സിനിമകളുടെ ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കാമെന്നാണ് സംഘടനയുടെ തീരുമാനം.

Share this story